KeralaNews

മുൻ മാനേജറെ മര്‍ദിച്ചെന്ന കേസ്; ഗൂഢാലോചന ആരോപിച്ച് ഉണ്ണി മുകുന്ദൻ ഡിജിപിക്ക് പരാതി നൽകി

മുൻ മാനേജറെ മർദിച്ചെന്ന കേസിൽ ഗൂഢാലോചന ആരോപിച്ച് നടൻ ഉണ്ണി മുകുന്ദൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. ഡിജിപിക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കുമാണ് മുകുന്ദൻ പരാതി നൽകിയത്. ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ല കോടതി വരുന്ന ശനിയാഴ്ച പരിഗണിക്കാനിരിക്കെയാണ് പരാതി.

അതേസമയം, നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് വിപിൻ കുമാർ പ്രതികരിച്ചു. ഗൂഢാലോചന എന്ന ഉണ്ണിയുടെ വാദം അടിസ്ഥാന രഹിതമാണ്. ഉണ്ണിയുടെ ട്രാക്ക് റെക്കോർഡ് എല്ലാവർക്കും അറിയാം. തന്നെ കയ്യേറ്റം ചെയ്തതാണ് വിഷമിപ്പിച്ചത്. നിലവിലെ പൊലീസ് അന്വേഷണത്തിൽ തൃപ്തനാണെന്നും വിപിൻ കുമാർ കൂട്ടിച്ചേര്‍ത്തു. ടൊവിനോ ചിത്രം നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതിൽ പ്രകോപിതനായി ഉണ്ണി മുകുന്ദൻ മർദിച്ചെന്നാണ് മുൻ മാനേജർ വിപിൻ കുമാറിന്റെ പരാതി. മാർകോയ്ക്ക് ശേഷം പുതിയ പടങ്ങൾ കിട്ടാത്തതിന്‍റെ നിരാശയാണ് ഉണ്ണി മുകുന്ദനെന്നും അത് പലരോടും തീർക്കുകയാണെന്നും മാനേജർ വിപിന്‍ ആരോപണം ഉയർത്തിയിരുന്നു. മർദിച്ചതിനും അസഭ്യം പറഞ്ഞതിനും ജാമ്യം കിട്ടാവുന്ന വകുപ്പുകളിലാണ് നിലവിൽ ഉണ്ണി മുകുന്ദനെതിരെ ഇൻഫോപാർക്ക് പൊലീസ് ചുമത്തി കേസെടുത്തിരിക്കുന്നത്.

എന്നാൽ കൂടുതൽ ഗുരുതര വകുപ്പുകൾ ചുമത്താനുള്ള സാധ്യത മുന്നിൽ കണ്ടാണ് നടൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. മർദ്ദിച്ചെന്ന് വിപിൻ പറയുന്നത് അടിസ്ഥാനരഹിതമെന്നും തനിക്കെതിരെ നടക്കുന്ന സംഘടിത ഗൂഢാലോചനയുടെ ഭാഗമാണ് ഇയാളുടെ പരാതിയെന്നും ഉണ്ണി മുകുന്ദന്റെ പ്രതികരണം. നടനെ നോട്ടീസ് അയച്ച് വിളിപ്പിക്കുന്നതിൽ പൊലീസ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button