KeralaNews

ഏഴു വയസുകാരനെ ചാക്കിലാക്കി തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ഇതരസംസ്ഥാനക്കാര്‍ കസ്റ്റഡിയില്‍

കോഴിക്കോട് പട്ടാപ്പകല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. സംഭവത്തില്‍ കര്‍ണാടക സ്വദേശികളായ ഒരു സ്ത്രീയും പുരുഷനും പൊലീസ് പിടിയിലായി. കോഴിക്കോട് പുതിയകടവിലാണ് സംഭവം. ബേപ്പൂര്‍ സ്വദേശിയായ ഷാജിറിന്റെയും അനുഷയുടെയും മകനായ ഏഴുവയസ്സുകാരനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമമുണ്ടായത്.

കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം ഉണ്ടായത്. കുട്ടിയെ ചാക്കിലാക്കി കൊണ്ടുപോകാനായിരുന്നു ശ്രമം. ഇതേ തുടര്‍ന്ന് കുടെയുണ്ടായിരുന്ന കുട്ടികള്‍ വിവരം നാട്ടുകാരെയടക്കം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ തടഞ്ഞുവെച്ച് പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

ഇന്ന് ഉച്ചയോടെയാണ് പുതിയകടവില്‍ തട്ടിക്കൊണ്ടുപോകല്‍ ശ്രമം ഉണ്ടായത്.നിരന്തരം വാഹനങ്ങളടക്കം പോകുന്ന റോഡരികില്‍ വെച്ചാണ് സംഭവം. തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചശേഷം നാടോടി സ്ത്രീ ചാക്കുമായി നടന്നുപോകുന്നതും കുട്ടികള്‍ ഇവരുടെ പിന്നാലെ ഓടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഒരു സ്ത്രീ പിടിച്ച് ചാക്കില്‍ കയറ്റാന്‍ നോക്കുകയായിരുന്നുവെന്നാണ് കുട്ടി പറയുന്നത്. കസ്റ്റഡിയിലുള്ള സ്ത്രീയെയും പുരുഷനെയും പൊലീസ് ചോദ്യം ചെയ്തുവരുകയാണ്.

തീരത്തടിഞ്ഞ കണ്ടെയ്‌നര്‍ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം; അപകടം കൊല്ലത്ത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button