KeralaNews

97 കളിക്കളങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു : വിതുര മിനി സ്റ്റേഡിയം ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു

സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളിലായി 97 കളിക്കളങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണെന്ന് കായികവകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. വിതുര മിനി സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 160 ഓളം പഞ്ചായത്തുകളിൽ കൂടി കളിക്കളം നിർമ്മിച്ചാൽ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും കളിക്കളം എന്ന സർക്കാർ ലക്ഷ്യം സാധ്യമാകും എന്നും മന്ത്രി പറഞ്ഞു. കുട്ടികളെയും യുവജനങ്ങളെയും കളിക്കളങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഇത്തരം പദ്ധതികളിലൂടെ സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്. നിരവധി കായികതാരങ്ങൾക്കാണ് സർക്കാർ ഈ കാലയളവിൽ ജോലി നൽകിയത്.

യുവജനങ്ങൾക്കും കുട്ടികൾക്കുമായി ഒരു പഞ്ചായത്ത്‌ തനത് ഫണ്ട് വിനിയോഗിച്ച് മിനി സ്റ്റേഡിയം നിർമ്മിച്ചത് അഭിമാനകരമാണ്. വിതുര പഞ്ചായത്തിൽ മരുതമലയിലാണ് കായിക വകുപ്പ് കളിക്കളം നിർമ്മിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ആറു മാസത്തിനകം നിർമ്മാണം പൂർത്തിയാക്കും. കളിക്കളങ്ങളിൽ നിന്നും ധാരാളം പാഠങ്ങൾ ലഭിക്കും. ലഹരി ഉപയോഗം പോലുള്ള മോശമായ തീരുമാനങ്ങൾ തടയാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

2017 മുതലുള്ള ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ട് 44 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയം നിർമ്മാണം പൂർത്തിയാക്കിയത്. 90 സെന്റ് സ്ഥലത്താണ് സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്. എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച പ്രതിഭകളെ ചടങ്ങിൽ മന്ത്രി ആദരിച്ചു. ജി. സ്റ്റീഫൻ എം. എൽ. എ ചടങ്ങിന് അധ്യക്ഷത വഹിച്ചു. വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി ആനന്ദ്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. എൽ കൃഷ്ണകുമാരി, വിതുര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എസ് സന്ധ്യ, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാർ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button