രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും രണ്ട് മരണം. 11 പേർക്ക് പരിക്കേറ്റു.
നിസാമുദ്ദീൻ മേഖലയിൽ ഇലക്ട്രിക് പോസ്റ്റ് വീണാണ് ഭിന്നശേഷിക്കാരനായ ഒരാൾ മരിച്ചത്. 22 വയസുള്ള യുവാവാണ് മരിച്ച മറ്റൊരാൾ. നഗരത്തിൽ പലയിടങ്ങളിലുംമരങ്ങൾ വീണും മറ്റുമാണ് നിരവധി പേർക്ക് പരിക്കേറ്റത്. വരും മണിക്കൂറുകളിലും മഴ മുന്നറിയിപ്പ് ഉള്ളതിനാൽ ദില്ലിയിലും സമീപ പ്രദേശങ്ങളിലും അടക്കം ജാഗ്രത തുടരുകയാണ്.
ഡൽഹിയിൽ കനത്ത മഴയക്ക് പിന്നാലെ ആലിപ്പഴ വർഷവും അുഭവപ്പെട്ടിരുന്നു. മഴ കനത്തതോടെ വിമാന സർവീസുകളെ പലതും ബാധിച്ചു. പ്രതികൂല കാലാവസ്ഥ കാരണം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസുകളും താറുമാറായി. റോഡ് ഗതാഗതത്തിലും തടസ്സമുണ്ടായി. കഴിഞ്ഞ ദിവസം ശക്തമായ കാറ്റിലും മഴയിലും ദില്ലി വിമാനത്താവളത്തിലെ മേൽക്കൂരയുടെ ഷീറ്റ് വീണ് മലയാളിക്ക് പരിക്കേറ്റിരുന്നു. കോട്ടയം പുതുപ്പള്ളി സ്വദേശിയായ ഉഷയ്ക്കാണ് കാലിന് പരിക്കേറ്റത്. രാത്രി 8.40നുള്ള ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിലേക്ക് പോകാനിരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
ചൊവ്വാഴ്ച വരെ കനത്ത ചൂട് അനുഭവപ്പെട്ട ദില്ലി ദേശീയ തലസ്ഥാന മേഖലയിൽ ബുധനാഴ്ച വൈകുന്നേരം കനത്ത മഴയാണ് ലഭിച്ചത്. ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടായി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പല ജില്ലകളിലും റെഡ‍് അലെർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴയിലും കാറ്റിലും മരങ്ങൾ ഒടിഞ്ഞ് വീഴാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറയിച്ചു.