കെപിസിസി പുനസംഘടന വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: കെപിസിസി പുനഃസംഘടന വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം. പ്രാഥമിക പട്ടിക തയ്യാറാക്കാനാണ് കെപിസിസി നേതൃത്വം നിര്‍ദ്ദേശിച്ചിരിക്കുന്നത്. പ്രാഥമിക അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് തുടക്കമായിട്ടുണ്ട്. ജംബോ കമ്മിറ്റി ഒഴിവാക്കാനും ധാരണയായിട്ടുണ്ട്. വിഷയത്തില്‍ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തും.
കെപിസിസിക്ക് അഞ്ച് ഉപാധ്യക്ഷന്മാരെ നിയമിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. 30 ജനറല്‍ സെക്രട്ടറിമാരെയും നിയമിച്ചേക്കും. ആദ്യഘട്ടത്തില്‍ ഉപാധ്യക്ഷന്മാരെയും ജനറല്‍ സെക്രട്ടറിമാരെയും രണ്ടാംഘട്ടത്തില്‍ സെക്രട്ടറിമാരെയും നിയമിക്കാനാണ് തീരുമാനം. ഡിസിസി പുനഃസംഘടനയും വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമം നടക്കുകയാണ്.
മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായമാണ് പുനഃസംഘടനയില്‍ നിര്‍ണായകം. നിലവില്‍ ചൊവ്വാഴ്ച കെപിസിസി ഭാരവാഹിയോഗം വിളിച്ചിട്ടുണ്ട്. നിലവിലെ ഭാരവാഹികളുടെ യോഗമാണ് ചേരുന്നത്. മുന്‍ അധ്യക്ഷന്മാരും യോഗത്തില്‍ പങ്കെടുക്കും.
അതേസമയം മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പരസ്യ പ്രതികരണത്തില്‍ മുതിര്‍ന്ന നേതാക്കളില്‍ അതൃപ്തി പുകയുകയാണ്. കെ സുധാകരന് പുതിയ നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. സുധാകരന്റെ പ്രസ്താവന അനവസരത്തിലാണെന്നാണ് നേതാക്കളുടെ വിമര്‍ശനം. നിലവില്‍ സുധാകരന് പരസ്യ മറുപടി നല്‍കരുതെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. പരസ്യ വിമര്‍ശനങ്ങള്‍ തുടര്‍ന്നാല്‍ ഇടപെടാനാണ് ഹൈക്കമാന്‍ഡ് നീക്കം.