ഓപ്പറേഷന് സിന്ദൂറിന്റെ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നു; പ്രധാനമന്ത്രി

ഓപ്പറേഷന് സിന്ദൂറിന്റെ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സേനകള്‍ക്ക് സല്യൂട്ട് പറഞ്ഞ പ്രധാനമന്ത്രി സേനകളുടെ അസാമാന്യ ധൈര്യത്തെയും പ്രകടനത്തെയും പ്രശംസിച്ചു. ഓപ്പറേഷന് സിന്ദൂറിന്റെ ഭാഗമായ എല്ലാവര്ക്കും അഭിവാദ്യമെന്നും മോദി പറഞ്ഞു. ഓപ്പറേഷന് സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
പഹല്‍ഗാം ഭീകരാക്രമണം തന്നെ വ്യക്തിപരമായി വേദനിപ്പിച്ചു. പുരുഷന്മാര് സ്വന്തം മക്കളുടെയും ഭാര്യമാരുടെയും മുന്നില്‍ മരിച്ചുവീണു. ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടി. ഇന്ത്യയുടെ ശക്തി വെളിപ്പെടുത്തി. സേനകള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം തങ്ങള്‍ നല്കി. എല്ലാ ഭീകരരും സിന്ദൂര്‍ എന്താണെന്ന് അറിഞ്ഞു. പാകിസ്താനിലെ തീവ്രവാദികളുടെ കേന്ദ്രങ്ങള്‍ തകര്‍ത്തു. തീവ്രവാദികളുടെ മണ്ണിലാണ് തങ്ങള്‍ മറുപടി നല്‍കിയത്. ഇന്ത്യയുടെ ഡ്രോണുകള്‍ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു. തീവ്രവാദികള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത അടിയാണ് നല്‍കിയത്. തീവ്രവാദികള്‍ നമ്മുടെ സഹോദരിമാരുടെ സിന്ദൂരമാണ് മായ്ച്ചുകളഞ്ഞത്. സേനകള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്കി പ്രതികാരം തങ്ങള്‍ ചെയ്തുവെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.
100 തീവ്രവാദികളെയാണ് വകവരുത്തിയത്. ആഗോള തീവ്രവാദവുമായി ബന്ധമുള്ള കേന്ദ്രങ്ങളാണ് തകര്‍ത്തത്. പാകിസ്താന് നമ്മുടെ സ്കൂളുകളും കോളജുകളും ആരാധനാലയങ്ങളും ലക്ഷ്യമിട്ടു. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം പാകിസ്താന്റെ ഡ്രോണുകളെ ആകാശത്തില്‍ വച്ച് ഭസ്മം ആക്കി. കഴിഞ്ഞ ദിവസങ്ങളില്‍ പാകിസ്താന്റെ ശരിക്കുമുള്ള മുഖം പുറത്തുവന്നു. പാകിസ്താന്റെ ഹൃദയത്തില്‍ വരെ ഇന്ത്യ തിരിച്ചടിച്ചു. ഇരകളുടെ മതം തെരഞ്ഞാണ് ഭീകരര്‍ ആക്രമിച്ചത്. മൂന്ന് സേനകളും ബിഎസ്എഫും സൈനിക വിഭാഗവും അതീവ ജാഗ്രതയില്‍ തന്നെയാണ്. ഓപ്പറേഷന് സിന്ദൂര്‍ ഭാരതത്തിന്റെ നീതികൂടിയാണെന്നും ഭാരതത്തിന്റെ ഭീകരതക്കെതിരെയുള്ള നയമാണെന്നും അദ്ദേഹം പറഞ്ഞു.