‘വെടിനിർത്തൽ ധാരണയെക്കുറിച്ച് ചർച്ച ചെയ്യണം’;പ്രധാനമന്ത്രി സർവകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്

0

ഇന്ത്യ പാക് സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആവശ്യപ്പെട്ടു. ആദ്യം വാഷിംഗ്ടണ്‍ ഡിസിയും പിന്നീട് കേന്ദ്രസര്‍ക്കാരും പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ധാരണയെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

‘അമേരിക്കന്‍ ഇടപെടല്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഇന്ത്യാ-പാക് തര്‍ക്കത്തില്‍ മൂന്നാം കക്ഷിയെ ഇടപെടലിന് രാജ്യം അനുവദിച്ചോ എന്നത് വ്യക്തമാക്കണം. പാകിസ്താനുമായി നയതന്ത്ര ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നുണ്ടോ എന്നത് വ്യക്തമാക്കണം. 1971 ല്‍ ഇന്ദിരാഗാന്ധി കാണിച്ച ധൈര്യവും ദൃഡനിശ്ചയവും ഓര്‍ക്കുന്നു’, ജയറാം രമേശ് പറഞ്ഞു.

നിലവില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം ചേരുകയാണ്. സംയുക്ത സേനാ മേധാവിയും മൂന്ന് സേനാ തലവന്മാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവും പങ്കെടുക്കുന്നു. വെടിനിര്‍ത്തലിന് ശേഷമുള്ള സാഹചര്യങ്ങള്‍ അവലോകനം ചെയ്യാനാണ് യോഗം ചേര്‍ന്നിരിക്കുന്നത്.

അതേസമയം കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രതികരണത്തിനെതിരെ കോണ്‍ഗ്രസ് എംപി മനിഷ് തിവാരി രംഗത്തെത്തി. കശ്മീര്‍ വിഷയം ബൈബിളിലെ 100 വര്‍ഷം പഴക്കമുള്ള പഴയ സംഘര്‍ഷമല്ലെന്നും 78 വര്‍ഷം മുമ്പ് ആരംഭിച്ച പ്രശ്‌നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here