
ഗുജറാത്തിലെ കച്ച് ആദിപ്പൂർ തോലാനി കോളേജിന് സമീപം ഒരു ഡ്രോൺ തകർന്നുവീണതായി വിവരം. ഇത് പാകിസ്ഥാന്റേതാണോ എന്ന് സംശയമുയരുന്ന സാഹചര്യത്തിൽ ഇന്ത്യൻ സേന വിശദമായ പരിശോധന നടത്തിവരികയാണ്. രാവിലെ 8:45 ഓടെയാണ് ഡ്രോൺ തകർന്നു വീണത്. പാകിസ്ഥാൻ ഗുജറാത്ത് അതിർത്തിയിൽ നിന്നും 150 കിലോമീറ്റർ ഉള്ളിലുള്ള പ്രദേശമാണിത്. ഇവിടം ജനവാസ മേഖലയാണ്. ഇന്ത്യൻ സേന ഡ്രോൺ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
അതിർത്തി കടന്ന് വളരെയധികം മുന്നോട്ട് ഡ്രോണുകൾ വരുന്നു എന്നുള്ളത് വളരെ ഗൗരവമേറിയ വിഷയമായിട്ടാണ് കാണുന്നത്. സേന പരിശോധിച്ചതിന് ശേഷം മാത്രമേ സംഭവത്തിൽ വ്യക്തത വരികയുള്ളൂ. പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നു എന്ന് ഇന്ത്യൻ സൈന്യം സംശയിക്കുന്നുണ്ട്. അതിനാൽ തന്നെ സൈനിക മേഖലയിൽ സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. ഇവിടെ അതീവ സുരക്ഷാ മേഖലയാക്കി മാറ്റിയാണ് പരിശോധന തുടരുന്നത്. കച്ച് ജില്ലയിൽ ഒരിടത്തും ആളുകൾ പുറത്തിറങ്ങുന്നില്ല. അത്യാവശ്യ വാഹനങ്ങൾ മാത്രമേ നിരത്തിലുള്ളൂ. അതീ ജാഗ്രതാ നിർദേശമാണ് ഇവിടങ്ങളിൽ നൽകിയിരിക്കുന്നത്.