ഇന്ത്യ-പാക് സംഘര്‍ഷം; ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ച് ബിസിസിഐ

0

അതിര്‍ത്തിയിലെ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ബിസിസിഐ തീരുമാനിച്ചു. കളിക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിദേശകളിക്കാരെല്ലാം സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ പലരും സന്നദ്ധത അറിയിക്കുകയും ചെയ്തു.

ഐപിഎല്‍ പ്ലേ ഓഫിന് മുമ്പ് ഇനി 12 മത്സരങ്ങള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്. ഇതിനിടെയാണ് ബിസിസിഐ നിര്‍ണായക തീരുമാനമെടുത്തത്. ഐപിഎല്ലില്‍ ഇന്ന് ലക്നൗ സൂപ്പര്‍ ജയന്‍റ്സ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരം നടക്കേണ്ടതായിരുന്നു. ഈ മത്സരം നടക്കുമോ എന്ന കാര്യത്തിലും ബിസിസിഐ ഇന്നലെ വ്യക്തത വരുത്തിയിരുന്നില്ല. സര്‍ക്കാര്‍ പ്രതിനിധികളുമായി കൂടിയാലോചിച്ച ശേഷം ഇന്ന് തീരുമാമനെടക്കുമെന്നായിരുന്നു ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ ഇന്നലെ അറിയിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂര്‍ സൈനിക നടപടിക്ക് ശേഷം അതിര്‍ത്തിയില്‍ ഇന്നലെ രാത്രി നടന്ന ഇന്ത്യ-പാക് സംഘർഷം ക്രിക്കറ്റ് ലോകത്തെയും പിടിച്ചുകുലുക്കിയിരുന്നു.

ഐപിഎല്ലില്‍ ഇന്നലെ ഹിമാചല്‍പ്രദേശിലെ ധരംശാലയില്‍ നടന്ന പഞ്ചാബ് കിംഗ്സ്-ഡല്‍ഹി ക്യാപ്റ്റല്‍സ് മത്സരം അതിര്‍ത്തിയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിച്ചിരുന്നു. ഡൽഹിക്കെതിരെ പഞ്ചാബ് ബാറ്റിംഗ് തുടരവെ മാച്ച് ഒഫീഷ്യൽസിന് അതിർത്തി ജില്ലകളിലെ പാക് ആക്രമണത്തിന്‍റെ അറിയിപ്പ് ലഭിച്ചത്. പിന്നാലെ ഗ്രൗണ്ടിലെ ഫ്ലഡ് ലൈറ്റുകൾ ഓഫായി. ഉടൻ മത്സരവും നിർത്തിവച്ചു.

ഈ സമയം മത്സരം കാണാനായി പതിനായിരക്കണക്കിന് ക്രിക്കറ്റ് ആരാധകർ സ്റ്റേഡിയത്തിലുണ്ടായിരുന്നു. എന്നാല്‍ കാണികൾ ഉടൻ സ്റ്റേഡിയം വിടണമെന്ന് പിന്നാലെ ഉദ്യോഗസ്ഥർ അറിയിച്ചതോടെയാണ് കാര്യങ്ങളുടെ ഗൗരവം എല്ലാവര്‍ക്കും പിടികിട്ടിയത്. ഇതിന് പിന്നാലെ ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ തന്നെ നേരിട്ട് ഗ്രൗണ്ടിലിറങ്ങി ആരാധകരെ സാഹചര്യം ബോധ്യപ്പെടുത്തി. ഇതിന് പിന്നാലെ പഞ്ചാബിന്‍റെയും ഡല്‍ഹിയുടെ താരങ്ങളെ ട്രെയിന്‍ മാര്‍ഗം ഡല്‍ഹിയിലെത്തിക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here