National

പാകിസ്ഥാന്റെ കനത്ത ഡ്രോണ്‍ ആക്രമണം; ആളപായമില്ലെന്ന് സര്‍ക്കാര്‍

ദില്ലി: അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ കനത്ത ഡ്രോണ്‍ ആക്രമണത്തിലും ആളപായമില്ലെന്ന് സര്‍ക്കാര്‍. ജമ്മുവിലും അതിര്‍ത്തി സംസ്ഥാനങ്ങളിലും തുടര്‍ച്ചയായി ഡ്രോണ്‍ ആക്രമണം നടത്തിയെങ്കിലും ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു. നിലവില്‍ ജമ്മുവില്‍ ഉള്‍പ്പെടെ നിരവധിയിടങ്ങളില്‍ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങള്‍ക്ക് മുന്‍കരുതല്‍ അറിയിപ്പും നല്‍കിയിട്ടുണ്ട്. മൂന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. നിലവില്‍ ജമ്മുവില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നിട്ടുണ്ട്. ജമ്മു വിമാനത്താവളത്തില്‍ നിന്നാണ് യുദ്ധ വിമാനങ്ങള്‍ പറന്നത്.

നിയന്ത്രണരേഖയില്‍ പാകിസ്ഥാന്റെ ശക്തമായ വെടിവെയ്പ്പ് തുടരുകയാണ്. ഹമാസ് മാതൃകയിലുള്ള ആക്രമണമാണ് പാകിസ്ഥാന്‍ ഇന്ത്യയില്‍ നടത്തിയതെന്ന് കരസേന വൃത്തങ്ങള്‍ പറയുന്നു. വ്യോമസേന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഡ്രോണുകള്‍ എത്തിയത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബില്‍ അമൃത്സറിലും, ഹോഷിയാര്‍പൂര്‍ എന്നിവിടങ്ങളിലും ബ്ലാക് ഔട്ട് പ്രഖ്യാപിച്ചു. അതിര്‍ത്തി മേഖലയില്‍ ഡ്രോണ്‍ ആക്രമണം നടക്കുകയാണ്. രാജസ്ഥാനിലും ഡ്രോണ്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്.

അതിനിടെ, രാജസ്ഥാന്‍ മുഖ്യമന്ത്രി ഉന്നത തലയോഗം ചേര്‍ന്നു. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി ഇന്റലിജന്‍സ് ഡിജി എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ജയ്‌സല്‍മിര്‍, ബാമര്‍, ഗംഗാനഗര്‍, ബികാനര്‍ എന്നീ ജില്ലകളിലെ കളക്ടര്‍മാരും എസ്പിമാരും പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ വസതിയിലാണ് യോഗം ചേരുന്നത്. ദില്ലിയിലും ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. എല്ലാ ഉദ്യോഗസ്ഥരോടും നിര്‍ബന്ധമായും ജോലിക്കെത്താന്‍ നിര്‍ദേശം നല്‍കി. ഏത് സാഹചര്യത്തെയും നേരിടാന്‍ സജ്ജമാകണമെന്നും മുന്നറിയിപ്പ് നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button