പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവം; ചികിത്സ വൈകിയതില്‍ സമഗ്ര അന്വേഷണം വേണമെന്ന് അമ്മ

0

കൊല്ലം: പേവിഷബാധയേറ്റ് ഏഴുവയസുകാരി മരിച്ച സംഭവത്തില്‍ പുനലൂര്‍ താലൂക്ക് ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന ആരോപണവുമായി അമ്മ. കുന്നിക്കോട് സ്വദേശി നിയ ഫൈസലിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് അമ്മ ഹബീറ ആവശ്യപ്പെട്ടു.

‘പുനലൂര്‍ താലൂക്കാശുപത്രിയില്‍ കുട്ടിക്ക് ചികിത്സ വൈകിപ്പിച്ചു. കുത്തിവയ്പ്പ് എടുത്തപ്പോള്‍ മരുന്ന് മുഴുവന്‍ കയറിയില്ല. ബാക്കി മരുന്ന് മുറിവിലേക്ക് ഒഴിച്ചു’, ഹബീറ ആരോപിച്ചു.

‘പുനലൂര്‍ താലൂക്ക് ആശുപത്രിലെ ചികിത്സയില്‍ വിശ്വസിച്ചു. എന്നാല്‍ മകള്‍ക്ക് കൃത്യമായ ചികിത്സ അവിടെ നിന്ന് ലഭിച്ചില്ലെന്ന് പിന്നീട് ബോധ്യമായി. വാക്‌സിനെടുത്തിട്ടും മകള്‍ക്ക് എങ്ങനെ മരണം സംഭവിച്ചു’ വെന്നും അവര്‍ ചോദിച്ചു. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കും. ഇനി ഒരാള്‍ക്കും ഈ ഗതി ഉണ്ടാവരുതെന്നും ഹബീറ പറഞ്ഞു.

തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയില്‍ ചികിത്സയിലിരുന്ന കുട്ടി ഇന്നലെ പുലര്‍ച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. കുട്ടിക്ക് മൂന്ന് തവണ പ്രതിരോധ വാക്സിന്‍ എടുത്തിരുന്നു. ഏപ്രില്‍ എട്ടിനാണ് കുട്ടിയെ നായ കടിച്ചത്. ഞരമ്പില്‍ കടിയേറ്റതുമൂലം രക്തത്തിലൂടെ തലച്ചോറിനെ ബാധിക്കുകയായിരുന്നു.

വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ താറാവിനെ ഓടിച്ച് എത്തിയ നായ കടിക്കുകയായിരുന്നു. കുട്ടിയുടെ കൈമുട്ടിനാണ് കടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തി ഐഡിആര്‍വി ഡോസ് എടുക്കുകയും ചെയ്തിരുന്നു. മെയ് ആറിന് അവസാന വാക്സിന്‍ എടുക്കാനിരിക്കെയാണ് കുട്ടിക്ക് പനി ബാധിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.

കൊല്ലത്തെ ആലഞ്ചേരി മുസ്ലിം ജമാഅത്ത് പള്ളിയില്‍ ഇന്നലെത്തന്നെ നിയ ഫൈസലിന്റെ ഖബറടക്കം നടന്നു. പ്രോട്ടോക്കോള്‍ പ്രകാരമായിരുന്നു സംസ്‌കാര ചടങ്ങുകള്‍. പൊതുദര്‍ശനം ഒഴിവാക്കി മൃതദേഹം ആശുപത്രിയില്‍ നിന്നും നേരെ പളളിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here