KeralaNews

സൈന്യത്തിന്റെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യാന്‍ പാക് ശ്രമം; തകര്‍ത്ത് ഇന്ത്യന്‍ സേന

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചിരിക്കെ, ഇന്ത്യന്‍ സൈന്യത്തിന് നേരെ സൈബര്‍ ആക്രമണം. സൈന്യത്തിന്റെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യാന്‍ പാകിസ്ഥാനി ഹാക്കര്‍ നടത്തിയ ശ്രമം ഇന്ത്യന്‍ സേന തകര്‍ത്തു. ഇന്ത്യന്‍ സൈന്യത്തെ ലക്ഷ്യമിട്ട് ‘ഐഒകെ ഹാക്കര്‍’ എന്ന പാകിസ്ഥാന്‍ ഗ്രൂപ്പ് ആണ് സൈബര്‍ ആക്രമണം നടത്തിയത്.

ശ്രീനഗര്‍ ആര്‍മി പബ്ലിക് സ്‌കൂള്‍, ആര്‍മി വെല്‍ഫെയര്‍ ഹൗസിംഗ് ഓര്‍ഗനൈസേഷന്റെ (എഡബ്ല്യുഎച്ച്ഒ) ഡാറ്റാബേസ്, ഇന്ത്യന്‍ വ്യോമസേനയുടെ പ്ലേസ്മെന്റ് പോര്‍ട്ടല്‍ എന്നിവയാണ് ഹാക്ക് ചെയ്യാന്‍ ശ്രമിച്ചത്. നാലു തവണ ഹാക്കിങ് ശ്രമം ഉണ്ടായെന്നാണ് ഇന്റലിജന്‍സ് വിവരം. തുടര്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന വിലയിരുത്തലില്‍ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്.

രാജസ്ഥാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റും പാകിസ്ഥാന്‍ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തിരുന്നു. പഹല്‍ഗാമിലേത് ഭീകരാക്രമണം ആയിരുന്നില്ലെന്ന പോസ്റ്റര്‍ ഹാക്കര്‍മാര്‍ അപ്‌ലോഡ് ചെയ്തു. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനും പ്രകോപിപ്പിച്ച് യുദ്ധം ഉണ്ടാക്കാനും ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തിയ ഓപ്പറേഷനാണെന്നുമാണ് പോസ്റ്ററില്‍ ആരോപിച്ചിരുന്നത്.

‘നിങ്ങളാണ് യുദ്ധം തുടങ്ങിയത്. അടുത്ത പോരാട്ടം വെടിയുണ്ട കൊണ്ടായിരിക്കില്ല, മറിച്ച് ഡിജിറ്റല്‍ യുദ്ധമായിരിക്കും. മുന്നറിയിപ്പോ ദയയോ പ്രതീക്ഷിക്കേണ്ട. നിങ്ങളുടെ ഇന്റലിജന്‍സ് ഏജന്‍സികള്‍ വ്യാജമാണ്. നിങ്ങളുടെ സുരക്ഷ വെറും മിഥ്യയാണ്. കൗണ്ട്ഡൗണ്‍ തുടങ്ങി കഴിഞ്ഞു.’ പോസ്റ്ററില്‍ പറയുന്നു. പാകിസ്ഥാന്‍ ഹൈക്കര്‍മാര്‍ ഹാക്ക് ചെയ്തയുടന്‍ ഐ ടി വിഭാഗം അക്കൗണ്ട് വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

തന്ത്രപ്രധാനമായ ഡാറ്റകളൊന്നും നഷ്ടമായിട്ടില്ലെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി പറഞ്ഞു. തിങ്കളാഴ്ച തദ്ദേശ വകുപ്പിന്റെയും ജയ്പൂര്‍ വികസന അതോറിറ്റിയുടേയും വെബ്‌സൈറ്റുകള്‍ ഹൈക്ക് ചെയ്തിരുന്നു. ഈ വെബ്‌സൈറ്റുകള്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്. അതിനിടെ, കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉന്നതതലയോഗം ചേര്‍ന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍, അസം റൈഫിള്‍സ് മേധാവി, എന്‍എസ്ജി മേധാവി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button