ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും കുടുങ്ങിയത് കഞ്ചാവ് ഉപയോഗിക്കാന്‍ തയ്യാറെടുക്കവെ; സിനിമയില്‍ കൂടുതല്‍ പേര്‍ പിടിയിലാകുമ്പോള്‍

0

കൊച്ചി: സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്റഫ് ഹംസയും കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത് ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിനിടെയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍. പ്രമുഖ സംവിധായകരടക്കം മൂന്ന് പേരാണ് എക്സൈസിന്റെ ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയുള്ള മിന്നല്‍ പരിശോധനയില്‍ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസിന്റെ പരിശോധന. ഫ്‌ലാറ്റിലെത്തിയപ്പോള്‍ സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദും കഞ്ചാവ് ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്ന് എക്‌സൈസ് പറഞ്ഞു.

ഫ്ളാറ്റില്‍ കഞ്ചാവും മറ്റു ലഹരി വസ്തുക്കളും ഉപയോഗിക്കുന്നതിനായി സ്ഥിരം ആളുകള്‍ ഒത്തുകൂടാറുണ്ടെന്ന് വിവരം ലഭിച്ചിരുന്നുവെന്നും, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്‌ലാറ്റില്‍ പരിശോധനക്ക് എത്തിയതെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംവിധായകര്‍ക്ക് ലഹരിമരുന്ന് എത്തിച്ച് നല്‍കിയവരെപ്പറ്റി സൂചന ലഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുമെന്നും സിനിമ മേഖലയില്‍ മറ്റ് പലരും ലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം, അതിനെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തുമെന്നും എക്‌സൈസ് വ്യക്തമാക്കി.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് ഇന്ന് പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് സംവിധായകരടക്കം മൂന്ന് പേര്‍ എക്‌സൈസ് പിടിയിലായത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് ഇവര്‍ കൊച്ചിഗോശ്രീ പാലത്തിന് സമീപത്തെ ഫ്‌ലാറ്റില്‍ നിന്ന് പുലര്‍ച്ചെ രണ്ടുമണിക്ക് പിടിയിലായത്. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടു. വാണിജ്യ അളവില്‍ കഞ്ചാവ് കണ്ടെടുക്കാത്തതിനാലാണ് ഇവരെ എക്‌സൈസ് ജാമ്യത്തില്‍ വിട്ടത്. അടുത്തിടെ ഇറങ്ങിയ ആലപ്പുഴ ജിംഖാനയടക്കം ഉണ്ട, തല്ലുമാല, അനുരാഗ കരിക്കിന്‍ വെള്ളം, ലൗവ് തുടങ്ങി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഖാലിദ് റഹ്‌മാന്‍. തമാശ, ഭീമന്റെ വഴി എന്നി സിനിമയുടെ സംവിധായകനാണ് അഷറ്ഫ് ഹംസ. തല്ലുമാല എന്ന ഹിറ്റ് സിനിമയുടെ സഹരചിയതാവ് കൂടിയാണ് അഷ്‌റഫ് ഹംസ.

LEAVE A REPLY

Please enter your comment!
Please enter your name here