Politics

തൃശൂര്‍ ചോദിച്ച സുരേഷ് ഗോപിയെ കൊല്‍ക്കത്തയിലേക്ക് അയച്ച് ബിജെപി; ഒതുക്കാനുള്ള നീക്കം ചെറുക്കാന്‍ നടന്‍ ഡല്‍ഹിയിലേക്ക്

തൃശൂര്‍: നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിക്ക് സത്യജിത്ത് റേ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷസ്ഥാനം നല്‍കിയതിന് പിന്നാലെ വിവാദങ്ങളും ഉയരുന്നു. കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ കൊല്‍ക്കത്തയിലെ സ്ഥാപനത്തിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന നിലപാടിലാണ് സുരേഷ് ഗോപി.

തന്നോട് ആലോചിക്കാതെ അധ്യക്ഷ സ്ഥാനം പ്രഖ്യാപിച്ചതില്‍ സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ടെന്നാണ് അടുപ്പക്കാര്‍ പറയുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനാക്കി കേന്ദ്ര നേതൃത്വം പ്രഖ്യാപനം നടത്തിയതിനാല്‍ സ്ഥാനം ഏറ്റെടുക്കാതിരിക്കാനും കഴിയില്ല. ബിജെപി കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തി തന്റെ ഭാഗം വിശദീകരിക്കാനൊരുങ്ങുകയാണ് സുരേഷ് ഗോപി.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രാഷ്ട്രീയ രംഗത്ത് കൂടുതല്‍ സജീവമാകാനുള്ള ഒരുക്കത്തിലായിരുന്നു സുരേഷ് ഗോപി. കഴിഞ്ഞ തവണ മത്സരിച്ച തൃശൂരില്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പദയാത്ര നടത്താനുള്ള തയാറെടുപ്പിലുമായിരുന്നു.

തൃശൂരില്‍ത്തന്നെ മത്സരിക്കാന്‍ കേന്ദ്ര നേതൃത്വം നിര്‍ദേശിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹത്തിന് ഒപ്പമുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍. ഇതിനിടയിലാണ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു കൊണ്ടുള്ള പ്രഖ്യാപനം വരുന്നത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് സമൂഹ മാധ്യമം വഴി വിവരം പുറത്തുവിട്ടത്. 3 വര്‍ഷമാണ് കാലാവധി.

അധ്യക്ഷ സ്ഥാനം ഏറ്റെടുത്താല്‍ പിന്നെ രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുക്കുന്നതിനും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും ഒക്കെ തടസ്സം നേരിടുമെന്ന ആശങ്കയും സുരേഷ് ഗോപിക്കും അനുയായികള്‍ക്കുമുണ്ട്.

മാധ്യമങ്ങളിലൂടെയാണ് സുരേഷ് ഗോപി വിവരം അറിഞ്ഞതെന്ന് അടുപ്പമുള്ളവര്‍ പറയുന്നു. തന്നോട് ആലോചിക്കാതെ തീരുമാനമെടുത്തതില്‍ അദ്ദേഹത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന. കേന്ദ്ര നേതൃത്വമെടുത്ത തീരുമാനമായതിനാല്‍ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തി നിലപാട് വ്യക്തമാക്കും. കേന്ദ്രം തീരുമാനത്തില്‍ ഉറച്ചുനിന്നാല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കും.

സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്ന നിലയില്‍ നേരത്തെ പ്രചാരണമുണ്ടായെങ്കിലും സ്ഥാനം ലഭിച്ചില്ല. രാഷ്ട്രീയത്തില്‍ സജീവമാകുന്ന ഘട്ടത്തില്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നിയമിക്കുന്നത് ഒതുക്കലിന്റെ ഭാഗമായാണോ എന്ന് അദ്ദേഹത്തിനൊപ്പമുള്ളവര്‍ സംശയിക്കുന്നു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനത്തിരുന്നുകൊണ്ട് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ കഴിയുമോ എന്ന കാര്യത്തിലും അവര്‍ക്ക് ആശങ്കയുണ്ട്. കേന്ദ്ര നേതൃത്വവുമായി നടത്തുന്ന ചര്‍ച്ചയില്‍ ഇക്കാര്യങ്ങള്‍ സുരേഷ് ഗോപി ഉന്നയിച്ചേക്കും.

കഴിഞ്ഞ തവണ തൃശൂര്‍ മണ്ഡലത്തില്‍നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച സുരേഷ് ഗോപി 2,93,822 വോട്ടുകള്‍ നേടിയിരുന്നു. കേരളത്തില്‍ ബിജെപിക്ക് പ്രതീക്ഷയുള്ള മണ്ഡലമാണ് തൃശൂര്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button