കൊച്ചി: ഹൈക്കോടതി അഭിഭാഷകന്‍ പി ജി മനുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പീഡന പരാതി ഉന്നയിച്ച യുവതിയുടെ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍. എറണാകുളം പിറവത്ത് ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കൊല്ലം വെസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാളുടെ നിരന്തര പ്രേരണയിലാണ് പി.ജി മനു തൂങ്ങിമരിച്ചതെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പി ജി മനുവിന്റെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ പകര്‍ത്തിയത് ഇയാളെന്നാണ് പൊലീസ് പറയുന്നത്.
നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായിരുന്നു മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ കൂടിയായ പി.ജി മനു. കര്‍ശന വ്യവസ്ഥയോടെ ജാമ്യത്തില്‍ തുടരവെയാണ് മറ്റൊരു യുവതിയുമായി ബന്ധപ്പെട്ട് പിജി മനുവിനെതിരെ ലൈംഗിക പീഡന ആരോപണം ഉയര്‍ന്നത്. പിജി മനു യുവതിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചിരുന്നു. വീഡിയോ കൊല്ലം വെസ്റ്റ് പൊലീസ് വിശദമായി പരിശോധിച്ചിരുന്നു.
മനു മരണത്തിന് മുന്‍പ് കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നതായാണ് സഹപ്രവര്‍ത്തകന്‍ കൂടിയായ അഡ്വ.ബി.എ.ആളൂര്‍ പ്രതികരിച്ചത്. പീഡന കേസില്‍ യുവതിയുടെ വീട്ടില്‍ കുടുംബത്തോടൊപ്പം എത്തി മാപ്പ് പറയുന്ന ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് പി.ജി മനു മാനസികമായി തകര്‍ന്നത്. ഇക്കാരണത്താല്‍ വീണ്ടും ജയിലില്‍ പോകേണ്ടി വരുമെന്ന് മനുവിന് ഭയമുണ്ടായിരുന്നു. ദൃശ്യങ്ങള്‍ ചിത്രീകരിച്ചവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കും എതിരെ നിയമ നടപടിയുമായി നീങ്ങുമെന്നും മനുവിന്റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും ആളൂര്‍ പറഞ്ഞിരുന്നു.