വഖഫ് ഭേദഗതി ചർച്ചയിലെ മൗനം; രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ന്യായീകരിച്ച് മുസ്ലിം ലീഗ്

0

പാർലമെന്റിലെ വഖഫ് ഭേദഗതി ചർച്ചയിൽ സംസാരിക്കാത്ത രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ന്യായീകരിച്ച് മുസ്ലിം ലീഗ്. മുൻകൂട്ടി നിശ്ചയിച്ച സ്വകാര്യ ആവശ്യം കാരണമാണ് പ്രിയങ്ക ഗാന്ധി പാർലമെന്റിൽ വരാതെ ഇരുന്നതന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. വഖഫ് സംരക്ഷണ പ്രക്ഷോഭത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ സംഘടനയായ സോളിഡാരിറ്റി ഉപയോഗിച്ച ചിത്രങ്ങൾ തള്ളിയും ലീഗ് രംഗത്ത് വന്നു.

വഖഫ് പ്രക്ഷോഭത്തിൽ ഇന്ത്യ മുന്നണിയിൽ ഒറ്റപ്പെട്ടുന്ന കോൺഗ്രസിനെ ന്യായീകരിച്ചാണ് ലീഗ് രംഗത്ത് വന്നത്. വഖഫ് ബില്ലിന്മേൽ പാർലമെൻ്റിൽ ചർച്ചയിൽ സംസാരിക്കാത്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും, സഭയിൽ ഹാജരാവാതെയിരുന്ന പ്രിയങ്ക ഗാന്ധിയെയും ന്യായീകരിച്ചാണ് മുസ്ലിംലീഗ് നേതൃത്വം രംഗത്ത് വന്നത്. മുൻകൂട്ടി നിശ്ചയിച്ച പരിപാടിയിൽ പങ്കെടുക്കുവാൻ വേണ്ടിയാണ് പ്രിയങ്ക ഗാന്ധി വിട്ടു നിന്നതെന്നും, ചർച്ചയിൽ രാഹുൽഗാന്ധി സംസാരിച്ചില്ലെങ്കിൽ കൂടി, എതിർത്ത് വോട്ട് ചെയ്തിരുന്നല്ലോ എന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞു.

വഖഫ് ഭൂമിയിൽ കയ്യേറ്റം നടന്നിട്ടുണ്ടെങ്കിൽ അത് പൂർണ്ണമായും തിരിച്ചുപിടിക്കണം. വഖഫ് സമരത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ യുവജന സംഘടന സോളിഡാരിറ്റി നടത്തിയ സമരത്തിൻ്റെ ഉദ്ദേശലക്ഷ്യത്തെ മാനിക്കുന്നു. എന്നാൽ, സമരത്തിൽ തീവ്രവാദ സ്വഭാവമുള്ള മുസ്ലിം ബ്രദർഹുഡ് നേതാക്കന്മാരുടെ ചിത്രങ്ങൾ ഉപയോഗിച്ചതിനെ അനുകൂലിക്കില്ലെന്നും സലാം പറഞ്ഞു. വഖഫ് പ്രക്ഷോഭത്തിൽ സോളിഡാരിറ്റി നടത്തിയ പ്രതിഷേധങ്ങൾ സമുദായത്തിന് തിരിച്ചടിയാകുമെന്ന് സമസ്ത മുഖപത്രത്തിൽ രൂക്ഷവിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ലീഗ് നേതൃത്വം ജമാഅത്തെ ഇസ്ലാമിയെ തള്ളി രംഗത്ത് വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here