അമേരിക്കക്ക് തിരിച്ചടി നൽകി ചൈന ; ബോയിംഗ് വിമാനങ്ങളുടെ ഡെലിവറി നിർത്താൻ വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകി

0

അമേരിക്കയുടെ 145% തീരുവ എന്ന വലിയ പ്രഹരത്തിന് ശേഷം പല വഴികളിലൂടെ തിരിച്ചടി നടത്തി ചൈന. ഏറ്റവും ഒടുവിൽ ഇതാ ബോയിംഗ് വിമാനങ്ങളുടെ ഡെലിവറി നിർത്താൻ ചൈന വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകി എന്ന റിപ്പോർട്ടാണ് പുറത്തു വരുന്നത്. യുഎസ് കമ്പനികളിൽ നിന്ന് വിമാനവുമായി ബന്ധപ്പെട്ട എല്ലാ ഉപകരണങ്ങളും പാർട്സുകളും വാങ്ങുന്നത് നിർത്താൻ ചൈനീസ് വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ചൈനയുടെ ഈ നടപടി എന്തായാലും കൃത്യമായി ഏറ്റിട്ടുണ്ട്. കാരണം, ചൈന ഓർഡറുകൾ മരവിപ്പിച്ചതോടെ ബോയിംഗ് ഓഹരികൾ ഇടിഞ്ഞു. ചൈനയെ പ്രധാന വിപണിയായി കണക്കാക്കുന്ന ബോയിംഗിന് വലിയ പ്രഹരമാണ് ചൈന ഈ നടപടിയിലൂടെ നൽകിയിരിക്കുന്നത്. ഉഭയകക്ഷി ബന്ധങ്ങളിലെ പിരിമുറുക്കം ഇതോടെ കൂടിയിരിക്കുകയാണ്. ബോയിംഗിന്റെ ഓഹരികൾ വ്യാപാരം ആരംഭിക്കുന്നതിന് മുൻപ് തന്നെ 3% ഇടിഞ്ഞു. എതിരാളിയായ എയർബസ് ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.

അതേസമയം, അമേരിക്കയിൽ നിന്നും വിമാനവുമായി ബന്ധപ്പെട്ട ഘടകങ്ങൾ വാങ്ങുന്നത് നിർത്താനുള്ള ചൈനയുടെ തീരുമാനം ആഗോള വ്യോമയാന പദ്ധതികളെ വരെ തകിടം മറിച്ചേക്കാം. ഷാങ്ഹായ് ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ ജുനെയാവോ എയർലൈൻസിന് ഏകദേശം 120 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു ബോയിംഗ് 787-9 വിമാനം മൂന്ന് ആഴ്ചയ്ക്കുള്ളിൽ നൽകുമെന്ന് ബോയിങ് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ താരിഫ് യുദ്ധം വന്നതോടെ ഈ വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. കൂടാതെ ചൈനയിൽ തന്നെയുള്ള ജെറ്റുകളുടെ അറ്റകുറ്റപ്പണിയുടെ ചെലവുകൾ ഇതോടെ ഉയരും. കൂടാതെ, വിമാനങ്ങളുടെ ഘടകങ്ങളിൽ ബദൽ മാർഗം തേടുമ്പോൾ അത് വിമാനങ്ങളുടെ പ്രവർത്തന കാര്യക്ഷമതയെയും സുരക്ഷാ മാനദണ്ഡങ്ങളെയും ബാധിച്ചേക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here