ആലപ്പുഴ കോണ്‍ഗ്രസില്‍ കൂട്ടരാജി; കായംകുളത്ത് ആറ് വാര്‍ഡ് പ്രസിഡന്റുമാര്‍ രാജി വച്ചു

0

ആലപ്പുഴ കോണ്‍ഗ്രസില്‍ കൂട്ടരാജി. കായംകുളത്ത് നിന്നു മാത്രം ആറ് വാര്‍ഡ് പ്രസിഡന്റ്മാര്‍ സ്ഥാനം രാജിവച്ചു. ആലപ്പുഴ മണ്ഡലത്തിലും നിരവധി പേര്‍ ഡിസിസി പ്രസിഡന്റിന് രാജിക്കത്ത് കൈമാറി. ബ്ലോക്ക് മണ്ഡലം ഭാരവാഹികളെ തീരുമാനിച്ചതില്‍ മറ്റ് നേതാക്കള്‍ക്കും അണികള്‍ക്കുമുള്ള പ്രതിഷേധം ജില്ലയില്‍ തുടരുകയാണ്. രമേശ് ചെന്നിത്തലയ്ക്ക്ഏറെ സ്വാധീനമുള്ള ജില്ലയില്‍ എ ഐ ഗ്രൂപ്പുകളെ വെട്ടിമാറ്റി കെസി വേണുഗോപാല്‍ വിഭാഗം പിടിമുറുക്കുന്നു എന്ന പരാതിയാണ് പൊതുവേ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയില്‍ ഉയര്‍ന്നുവരുന്നത്.

ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇക്കഴിഞ്ഞ 15ന് ആലപ്പുഴയിലെ ഒരു നക്ഷത്ര ഹോട്ടലില്‍ നേതാക്കളുടെ സാന്നിധ്യത്തില്‍ രാത്രി പുലരും വരെ യോഗം ചേര്‍ന്നെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ഡിസിസി പ്രസിഡന്റിന്റെയും ജില്ലയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവിന്റെയും നേതൃത്വത്തില്‍ യോഗം ചേരും എന്ന് പ്രഖ്യാപിച്ച് ആഴ്ചകള്‍ക്ക് ശേഷവും ഒന്നും നടന്നില്ല. ഇതിനിടയിലാണ് അസംതൃപ്തരായിട്ടുള്ള നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ രാജിവെച്ചു പോകുന്നത്.

കായംകുളത്തു നിന്നും മാത്രം ആറ് മണ്ഡലം പ്രസിഡന്റ്മാരാണ് രാജിവെച്ച് മാറിനില്‍ക്കുന്നത്. ആലപ്പുഴയിലും ചേര്‍ത്തലയിലും ഡിസിസി അംഗങ്ങള്‍ വരെ രാജിക്കത്ത് നല്‍കി നില്‍ക്കുകയാണ് ഇത് കൂടാതെ കോണ്‍ഗ്രസിന് നല്ലൊരു വിഭാഗം കൂട്ടത്തോടെ ബിജെപിയിലേക്ക് പോകുന്നു ഇത് തടയാനും നേതാക്കള്‍ക്ക് കഴിയുന്നില്ല. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകുന്നതിനു വേണ്ടിയാണ് നേതാക്കളുടെ സംയുക്ത യോഗം നടന്നതെങ്കിലും ഒന്നും ഫലവത്തായില്ല. ജില്ലയില്‍ സ്വാധീനം മുറുക്കാന്‍ കെ സി വേണുഗോപാല്‍നടത്തുന്ന ശ്രമങ്ങളാണ് കോണ്‍ഗ്രസിനുള്ളിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെമെന്നാണ്നേതാക്കളും പ്രവര്‍ത്തകരും പറയുന്നത്.

കായംകുളത്തു നിന്നും മാത്രം യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം വലിയൊരു വിഭാഗമാണ് രാജിവച്ച് മാറിയത്. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ കൂട്ടത്തോടെ കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും രാജിവയ്ക്കും എന്നാണ് ഡിസിസി നേതൃത്വത്തിന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രമേശ് ചെന്നിത്തല വിഭാഗത്തെ ഒതുക്കുന്നു എന്ന പരാതിയാണ് പൊതുവേ ജില്ലയില്‍ ഉയര്‍ന്നുവരുന്നത്. ഇത് പരിഹരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് കളമൊരുങ്ങുമെന്നും നേതാക്കളും പ്രവര്‍ത്തകരുംമുന്നറിയിപ്പ് നല്‍കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here