മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ന് ഇന്ത്യയിലെത്തിക്കും

മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരൻ പാക്കിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ന് ഇന്ത്യയിൽ എത്തിക്കും. റാണയെ കൊണ്ടുവരാനായി അയച്ച വ്യോമസേനയുടെ പ്രത്യേക വിമാനം ഇന്ന് ഉച്ചയോടെ ദില്ലിയിലെ പാലംവ്യോമ താവളത്തിൽ എത്തും. ദില്ലിയിൽ എത്തിക്കുന്ന റാണയെ തിഹാർ ജയിലിൽ പാർപ്പിക്കാൻ സൗകര്യം ഒരുക്കാൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.
ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട തുടർനടപടികൾ ദില്ലിയിലേക്ക് മാറ്റുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം. ഇതിൻറെ ഭാഗമായി റാണയെ ദില്ലി പട്യാല ഹൗസ് കോടതിയിൽ ഓൺലൈനായി ഹാജരാക്കും. റാണയെ തിരികെ എത്തിക്കുന്നത് മോദി സർക്കാരിന്‍റെ നയതന്ത്ര വിജയമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വ്യക്തമാക്കി. സ്ഫോടനങ്ങൾ നടന്ന കാലത്തെ സർക്കാരുകൾക്ക് റാണയെ തൊടാൻ ആയില്ലെന്ന് അമിത്ഷാ വിമർശിച്ചു. റാണയെ ദില്ലിക്ക് എത്തിക്കുന്നത് കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
2019ലാണ് പാക്കിസ്ഥാൻ വംശജനും കനേഡിയൻ പൗരനുമായ തഹാവൂർ റാണയെ കൈമാറണെന്ന് ആവശ്യപ്പെട്ട് ഇന്ത്യ അമേരിക്കയ്ക്ക് അപേക്ഷ നൽകിയത്. മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരനായ റാണക്കെതിരായ തെളിവുകളും കൈമാറി. ഡൊണൾഡ് ട്രംപ് നരേന്ദ്ര മോദി കൂടിക്കാഴ്ചയിലും ഈ വിഷയം ചർച്ചയായി. ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ തഹാവുർ റാണ അമേരിക്കയിലെ വിവിധ കോടതികളിൽ അപേക്ഷ നൽകിയിരുന്നു. ഇവ തള്ളിയതോടെ കഴിഞ്ഞ നവംബറിൽ റാണ അമേരിക്കൻ സുപ്രീംകോടതിയെ സമീപിച്ചു.



