News

കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവഗാന മേള; വിമർശിച്ച് ഹൈക്കോടതി, ‘അമ്പലപ്പറമ്പിൽ സംഭവിക്കാൻ പാടില്ലാത്തത്’

കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവഗാനമാലപിക്കൽ വിഷയത്തിൽ പ്രതികരിച്ച് ഹൈക്കോടതി. ക്ഷേത്രത്തില്‍ വിപ്ലവ​ഗാനം പാടിയത് ലാഘവത്തോടെ കാണാനാകില്ലെന്ന് ഹൈക്കോടതി. ഇത്തരമൊരു കാര്യം ഒരിക്കലും അമ്പലപ്പറമ്പിൽ സംഭവിക്കാൻ പാടില്ലാത്തതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പൊലീസ് കേസെടുക്കേണ്ടതായിരുന്നു എന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞു.

സ്റ്റേജിന് മുന്നിൽ കുപ്പിയും മറ്റും ഉയർത്തിപ്പിടിച്ച് യുവാക്കൾ നൃത്തം വച്ചു. ഇവരെ വിശ്വാസികൾ എന്ന് വിളിക്കാനാകുമോ എന്നും ഡിവിഷൻ ബെ‌ഞ്ച് ചോദിച്ചു. ക്ഷേത്ര ഭരണസമിതി പ്രസിഡൻ്റാകാൻ 19 കേസ് ഉള്ള ആളുടെ അപേക്ഷ ബോർഡ് എങ്ങനെ പരിഗണിച്ചു? ഗാനമേളക്ക് എത്ര തുക ചെലവഴിച്ചുവെന്ന് ചോ​ദിച്ച കോടതി എങ്ങനെയാണ് പിരിച്ചത് എന്നറിയിക്കണമെന്നും കോടതി നിർദേശിച്ചു. കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കുകയാണ്. ഗാനമേളയുടെ ദൃശ്യങ്ങൾ കോടതി വീണ്ടും പരിശോധിക്കുന്നു.

കടയ്ക്കൽ ക്ഷേത്രോത്സവത്തിൽ കഴിഞ്ഞ മാസം പത്തിനാണ് ​ഗായകൻ അലോഷിയുടെ ഗാനമേളയിൽ വിപ്ലവ ഗാനങ്ങളായ പുഷ്പനെ അറിയാമോ, 100 പൂക്കളെ എന്നീ പാട്ടുകളടക്കം പാടിയത്. സ്റ്റേജിലെ എൽഇഡി സ്ക്രീനിൽ ഡിവൈഎഫ്ഐയുടെ കൊടിയും സിപിഎമ്മിന്‍റെ അടയാളവും പാട്ടിനൊടൊപ്പം പ്രദര്‍ശിപ്പിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button