കര്‍ണാടകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ട : 75 കോടിയുടെ എംഡിഎംഎയുമായി രണ്ട് വിദേശവനിതകള്‍ പിടിയില്‍

0

കര്‍ണാടകയില്‍ 75 കോടിയുടെ മയക്കുമരുന്നുമായി രണ്ട് വിദേശവനിതകള്‍ പിടിയിലായി. ബംബ ഫന്റ, അബിഗേയ്ല്‍ അഡോണിസ് എന്നീ ദക്ഷിണാഫ്രിക്കന്‍ വനിതകളാണ് അറസ്റ്റിലായത്. 38 കിലോ എംഡിഎംഎയാണ് ഇവരില്‍ നിന്നും മംഗളൂരു പൊലീസ് പിടികൂടിയത്.

കര്‍ണാടകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ടയാണിത്. ഇലക്ട്രോണിക് സിറ്റിക്ക് സമീപത്തുള്ള നീലാദ്രി നഗറില്‍ നിന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്ന് രണ്ട് ട്രോളിബാഗുകള്‍, രണ്ട് പാസ്‌പോര്‍ട്ടുകള്‍, നാല് മൊബൈല്‍ ഫോണുകള്‍, 18,000 രൂപ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്.

ബംഗളുരുവില്‍ അറസ്റ്റിലായ നൈജീരിയന്‍ സ്വദേശി പീറ്റര്‍ ഇക്കെഡി ബെലോന്‍വു എന്നയാളില്‍ നിന്നാണ് ഇവരെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. ആറുമാസം മുമ്പാണ് ഇയാള്‍ 6 കിലോ മയക്കുമരുന്നുമായി പിടിയിലാകുന്നത്. തുടര്‍ന്ന് ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദേശപൗരന്മാരെ ഉപയോഗിച്ച് ഡല്‍ഹിയില്‍ നിന്ന് ബംഗലൂരുവിലേക്ക് മയക്കുമരുന്ന് കടത്തുന്ന വിവരം ലഭിക്കുന്നത്.

രണ്ട് വിദേശവനിതള്‍ മയക്കുമരുന്നുമായി ബംഗളൂരുവിലേക്ക് എത്തുന്നുവെന്ന് മാര്‍ച്ച് 14 ന് രഹസ്യവിവരം കിട്ടി. ബംഗലൂരു വിമാനത്താവളത്തില്‍ എത്തിയതു മുതല്‍ യുവതികള്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. നീലാദ്രി നഗറില്‍ വെച്ച് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലഹരിക്കടത്ത് ശൃംഖലയിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് മംഗളൂരു പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here