ഒരു വിഭാഗം നിർമാതാക്കളുടെ സിനിമാ സമരത്തിന് യാതൊരു പിന്തുണയും നൽകില്ലെന്ന് എ എം എം എ

മലയാള സിനിമാ നിര്‍മാതാക്കളില്‍ ഒരു വിഭാഗം ആഹ്വാനം ചെയ്ത സിനിമാ പണിമുടക്കിന് യാതൊരുവിധ പിന്തുണയും സംഘടനയുടെ ഭാഗത്ത് നിന്നുമുണ്ടാവില്ലെന്ന് താരസംഘടനയായ എ എം എം എ അംഗങ്ങളുടെ പ്രത്യേക യോഗം തീരുമാനമെടുത്തു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സിനിമാവ്യവസായത്തെ ചിലരുടെ പിടിവാശി മൂലം അനാവശ്യമായ ഒരു സമരത്തിലേക്ക് വലിച്ചിഴക്കുക വഴി സാമ്പത്തികരംഗം മാത്രമല്ല സിനിമയെ ആശ്രയിച്ചു കഴിയുന്ന നിരവധി തൊഴിലാളികളെയും കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ് ചെയ്യുകയെന്നും യോഗം വിലയിരുത്തി.
അഭിനേതാക്കളുടെ പ്രതിഫലം സംബന്ധിച്ച കാര്യങ്ങളില്‍ അടുത്ത് നടക്കുന്ന എ എം എം എ ജനറല്‍ ബോഡിക്ക് മാത്രമേ തീരുമാനമെടുക്കാന്‍ കഴിയൂ എന്നും
യോഗം തീരുമാനിച്ചു. മലയാള സിനിമയുടെ ഉന്നമനം ലക്ഷ്യമാക്കി ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏത് സംഘടനകളുമായും എ എം എം എ സംഘടന ചര്‍ച്ചക്ക് തയ്യാറാണ്.
എ എം എം എയിലെ അഡ്ഹോക്ക് കമ്മിറ്റി അംഗം ജയന് ചേര്‍ത്തലക്ക് എല്ലാവിധ നിയമസഹായവും സംഘടന വാഗ്ദാനം ചെയ്തു. ഇന്ന് നടന്ന യോഗത്തില്‍ മോഹന്‍ ലാല്‍, സുരേഷ് ഗോപി, ടോവിനോ തോമസ്, ബേസില്‍ ജോസഫ്, ജോജു ജോര്‍ജ്, ബിജു മേനോന്, വിജയരാഘവന്, സായികുമാര്‍ തുടങ്ങി അമ്പതോളം അംഗങ്ങള്‍ പങ്കെടുത്തു



