National

കാഷ് പട്ടേല്‍ എഫ്ബിഐ ഡയറക്ടറായി ചുമതലയേറ്റു

വാഷിങ്ടണ്‍: അമേരിക്കയില്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ – എഫ്ബിഐ-യുടെ പുതിയ ഡയറക്ടറായി ഇന്ത്യന്‍ വംശജനായ കാഷ് പട്ടേല്‍ ചുമതലയേറ്റു. ഭഗവത് ഗീതയില്‍ കൈവച്ചാണ് കാഷ് പട്ടേല്‍ സത്യ പ്രതിജ്ഞ ചെയ്തത്. വാഷിങ്ടണിലായിരുന്നു സ്ഥാനാരോഹണ ചടങ്ങ്.
സഹോദരി, ജീവിത പങ്കാളി എന്നിവര്‍ക്കൊപ്പമാണ് കാഷ് പട്ടേല്‍ ചടങ്ങിനെത്തിയത്. ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ് ഇതെന്ന് അദ്ദേഹം പ്രതികരിച്ചു. തനിക്ക് ലഭിച്ച അവസരത്തിന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് കാഷ് പട്ടേല്‍ നന്ദി പറഞ്ഞു.

ട്രംപിന്റെ ഏറ്റവും വിശ്വസ്തരില്‍ വിശ്വസ്തനായാണ് കാഷ് പട്ടേല്‍ അറിയപ്പെടുന്നത്. മികച്ച അഭിഭാഷകനും അന്വേഷകനും അമേരിക്കയുടെ ആദ്യ പോരാളിയുമാണെന്നും അഴിമതി തുറന്നുകാട്ടാനും നീതിയെ സംരക്ഷിക്കാനും അമേരിക്കന്‍ ജനതയെ സംരക്ഷിക്കാനുമാണ് അദ്ദേഹം ഔദ്യോഗിക ജീവിതം മാറ്റിവച്ചതെന്നുമാണ് ട്രംപ് തന്നെ കാഷിനെ കുറിച്ച് മുന്‍പ് നടത്തിയ പ്രശംസ.

സാധാരണ ജീവിത സാഹചര്യങ്ങളില്‍ വളര്‍ന്ന ഇന്ത്യന്‍ യുവാവിന് ഇത്രയും ഉയര്‍ന്ന പദവിയിലെത്താനായത് അമേരിക്ക നല്‍കുന്ന അവസരങ്ങളുടെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. കാനഡ വഴി അമേരിക്കയിലേക്ക് കുടിയേറിയ ഗുജറാത്തി വേരുകളുള്ള കുടുംബമാണ് ഇദ്ദേഹത്തിന്റേത്. 1980 ഫെബ്രുവരി 25 ന് ന്യൂയോര്‍ക്കിലെ ഗാര്‍ഡന്‍ സിറ്റിയില്‍ ജനിച്ച കാഷ്, റിച്ച്മണ്ട് സര്‍വകലാശാലയില്‍നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കി. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് അന്താരാഷ്ട്ര നിമയത്തില്‍ ബിരുദാന്തര ബിരുദവും കരസ്ഥമാക്കി. 38000 ജീവനക്കാരുള്ള 11 ബില്യണ്‍ ഡോളര്‍ വാര്‍ഷിക ചെലവുള്ള പ്രശസ്തമായ അന്വേഷണ ഏജന്‍സിയെയാണ് ഇനി കാഷ് പട്ടേല്‍ നയിക്കുക. കാഷ് പട്ടേല്‍ എന്നാണ് അറിയപ്പെടുന്നതെങ്കിലും യഥാര്‍ത്ഥ പേര് കശ്യപ് പട്ടേല്‍ എന്നാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button