ന്യൂഡൽഹി സ്റ്റേഷനിലെ അപകടം; ധനസഹായം പ്രഖ്യാപിച്ച് റെയിൽവെ

തിക്കും തിരക്കും മൂലം ന്യൂഡല്‍ഹി റെയിൽവെ സ്റ്റേഷനിൽ ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് റെയിൽവെ. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗുരുതമായി പരുക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നിസ്സാര പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും ധനസഹായമായി നല്‍കും. ഇന്നലെ രാത്രി 10 മണിയോടെയാണ് രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച അപകടം ഉണ്ടായത്. 18 പേർ മരിച്ചു.
പ്രയാഗ്‌രാജിലെ മഹാകുംഭമേളയ്ക്ക് പോകാൻ ആളുകൾ കൂട്ടത്തോടെ എത്തിയതാണ് അപകടത്തിന് കാരണം. പ്ലാറ്റ്‌ഫോം നമ്പർ 14ൽ പ്രയാഗ്‌രാജ് എക്‌സ്പ്രസ് ട്രെയിൻ നിർത്തിയിട്ടിരുന്നു. ഇതിൽ കയറാൻ ആളുകൾ കൂട്ടത്തോടെ എത്തിയതോടെയാണ് തിരക്കുണ്ടായത്. സ്വതന്ത്രസേനാനി എക്‌സ്പ്രസ്, ഭുവനേശ്വർ രാജധാനി എക്‌സ്പ്രസ് എന്നീ ട്രെയിനുകൾ വൈകിയെത്തിയതും സ്റ്റേഷനിലെ തിരക്കിന് കാരണമായി. ഇതോടെ 12,13,14 പ്ലാറ്റ്‌ഫോമുകളിൽ നിയന്ത്രണാധീതമായി തിരക്ക് വർധിക്കുകയായിരുന്നു.