Kerala

ദേശീയ മഹാവ്യാപാര മേള ചെങ്ങന്നൂരില്‍, ഇന്ന് തുടക്കമാകും : പ്രവേശനം സൗജന്യം

പ്രദർശന വിപണന ഭക്ഷ്യ മേളയായ കുടുംബശ്രീ ദേശീയ സരസ് മേള ഇന്ന് ആരംഭിയ്ക്കും. ജനുവരി 20ന് ചെങ്ങന്നൂർ നഗരസഭ സ്റ്റേഡിയത്തിൽ വച്ചാണ് പരിപാടിയുടെ ഉദ്ഘാടനം നടക്കുക. പ്രധാന വേദിയിൽ വൈകിട്ട് അഞ്ചിന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രിമാരായ സജി ചെറിയാന്‍, പി പ്രസാദ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. ​ചലച്ചിത്രതാരം മോഹന്‍ലാല്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയാകും​. ചെങ്ങന്നൂർ പെരുമയുടെ ഭാഗമായി പ്രഥമ ശ്രേഷ്ഠ ചെങ്ങന്നൂർ പുരസ്കാരം
നടൻ മോഹൻലാലിന് സമ്മാനിക്കും. സ്റ്റീഫൻ ദേവസി ഷോയും ഇതിനു പുറകേ നടക്കും.

കുടുംബശ്രീ ഉള്‍പ്പെടെ 23 സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന ആളുകള്‍ക്ക് 250 സ്റ്റാളുകള്‍ ഉണ്ടായിരിക്കും. സംഘാടക സമിതിയുടെ നേതൃത്വത്തില്‍ 100 സ്റ്റാളുകളും ഉണ്ട് .കൂടാതെ 35 ഭക്ഷണ ശാലകളും സജ്ജമാകും. മേള 31 ന് സമാപിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ചലച്ചിത്ര താരങ്ങൾ , പിന്നണിഗായകർ തുടങ്ങിയവർ നയിക്കുന്ന വിവിധ കലാപരിപാടികൾ, മെഗാഷോകൾ, സെമിനാറുകൾ, ജില്ലയിലെ കുടുംബശ്രീ പ്രവർത്തകരുടെ സാംസ്‌കാരിക പരിപാടികൾ, ഫ്ളവർ ഷോ, പെറ്റ്ഷോ, റോബോട്ടിക് ഷോ പുസ്‌തകമേള തുടങ്ങിയവ എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ അരങ്ങേറും.

ഗ്രാമീണ വനിതാ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പരമ്പരാഗത ഗ്രാമീണ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നല്കുന്നതിനുമായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ രാജ്യമൊട്ടാകെയുള്ള സംരംഭകരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന പതിനൊന്നാമത് കുടുംബശ്രീ ദേശീയ സരസ്‌ മേളക്കാണ് ചെങ്ങന്നൂർ സാക്ഷിയാകുന്നത്. സരസ്‌മേളയില്‍ പ്രവേശനം സൗജന്യമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button