മണ്ണാർക്കാട് നബീസ കൊലപാതക കേസിൽ പേരക്കുട്ടിയും ഭാര്യയും കുറ്റക്കാർ; ശിക്ഷാവിധി നാളെ

വയോധികയെ ഭക്ഷണത്തിൽ വിഷംകലർത്തി കൊലപ്പെടുത്തിയ മണ്ണാർക്കാട് നബീസ കൊലപാതക കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി.പുണ്യമാസത്തിൽ മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം പദ്ധതിയിട്ടത് നബീസയുടെ പേരക്കുട്ടി ബഷീറും ഭാര്യ ഫസീലയും ചേർന്നാണ്. നോമ്പ് തുറക്കാനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് 71കാരിയായ തോട്ടര സ്വദേശിനിയായ നബീസയെ അതിക്രൂരമായി കൊലപ്പെടുത്തിയത്.
ചീരക്കറിയിൽ വിഷം കലർത്തി നൽകിയായിരുന്നു ആദ്യശ്രമം. ഇത് പാളിയെന്നുറപ്പായതോടെ രാത്രിയിൽ ബലമായി വായിലേക്ക് വിഷം ഒഴിച്ചുനൽകി മരണം ഉറപ്പിച്ചു. ഒരു ദിവസം മൃതദേഹം വീട്ടിൽ സൂക്ഷിച്ച് തൊട്ടടുത്ത് ദിവസം റോഡിലുപേക്ഷിച്ചു. എഴുത്തും, വായനയും അറിയാത്ത നബീസയുടെ സഞ്ചിയിൽ നിന്നും കണ്ടെടുത്ത കത്താണ് അന്വേഷണത്തിൽ വഴിത്തിരിവായതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം റോഡരികിൽ കണ്ട കാര്യം ബഷീർ തന്നെയായിരുന്നു പൊലീസിനോട് വിളിച്ചു പറഞ്ഞത്.
കേസന്വേഷണത്തിനെന്ന വ്യാജേന പ്രതികളെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയായ ഫസീലയോട് നബീസക്കുണ്ടായിരുന്ന താത്പര്യക്കുറവാണ് കൊലപാതകത്തിലേക്ക് നയിച്ചത്.തൃപ്പുണ്ണിത്തറയിൽ പർദ്ദ ധരിച്ചെത്തി മുളകുപൊടി സ്പ്രേ ചെയ്ത് പണവും ആഭരണവും കവർച്ച ചെയ്ത കേസിലും,കല്ലേക്കാട് ബ്ലോക്കോഫീസിനു സമീപത്തെ ഫ്ലാറ്റിൽ നിന്ന് സ്വർണം കവർന്ന കേസിലുമടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഫസീല.വല്യുമ്മയുടെ താത്പര്യക്കുറവ് പ്രകോപനകാരണമായപ്പോൾ കൂട്ടുനിന്നത് സ്വന്തം ഭർത്താവും. കേസിൽ 9 വർഷത്തിന് ശേഷമാണ് കോടതി നാളെ ശിക്ഷാവിധി പ്രസ്ഥാവിക്കാനിരിക്കുന്നത്.
അതേസമയം, ബഷീറിന്റെ രക്ഷിതാക്കളുടെ മരണത്തിലും ഫസീലക്ക് പങ്കുണ്ടെന്ന് ബന്ധുക്കൾ ആരോപണം ഉന്നയിച്ചിരുന്നു. മെത്തോമൈൻ എന്ന വിഷപദാർത്ഥം നൽകി പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു പരാതി ഉയർന്നിരുന്നത്. പുണ്യമാസത്തിലെ കൊടുംക്രൂരതക്ക് എന്ത് ശിക്ഷയെന്നറിയാൻ കാത്തിരിപ്പിലാണ് നസീബയുടെ ബന്ധുക്കൾ,മറ്റ് ദുരൂഹമരണങ്ങളിൽ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്.




