Kerala

നെയ്യാറ്റിന്‍കര ഗോപന്റെ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞു; മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും

നെയ്യാറ്റിന്‍കരയിലെ വിവാദ സമാധി പൊളിച്ച് പുറത്തെടുത്ത നെയ്യാറ്റിന്‍കര ഗോപന്റെ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ മൂന്നു തലത്തിലുള്ള പരിശോധനയാണ് നടത്തുക എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടോ, പരിക്കേറ്റാണോ, സ്വഭാവിക മരണം ആണോയെന്ന് പരിശോധിക്കും. വിഷാശം ഉണ്ടോയെന്ന് അറിയാന്‍ ആന്തരിക അവയവങ്ങളുടെ സാമ്പിള്‍ ശേഖരിക്കും. പരിശോധനയുടെ ഫലം വരാന്‍ ഒരാഴ്ച എങ്കിലും എടുക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

മൃതദേഹത്തില്‍ പരുക്കുകള്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ റേഡിയോളജി, എക്സറെ പരിശോധന നടത്തും. ഇതിന്റെ ഫലം ഇന്ന് ലഭിക്കും. മൂന്നാമത്തെ പരിശോധന സ്വാഭാവിക മരണമാണോ എന്ന് കണ്ടെത്താനാണ്.
രോഗാവസ്ഥ അടക്കം പല സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് ഇതില്‍ തീരുമാനം. മരിച്ചത് ഗോപന്‍ തന്നെ എന്ന് ഉറപ്പു ശാസ്ത്രീയമായി തെളിയിക്കാന്‍ DNA പരിശോധനയും നടത്തുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

അതേസമയം വിവാദമായ നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ വിവാദ സമാധി പൊളിച്ചപ്പോള്‍ കണ്ടത് അമ്പരപ്പിക്കുന്നകാര്യങ്ങളായിരുന്നു. ഇരിക്കുന്ന നിലയിലാണ് ഗോപന്‍ സ്വാമിയുടെ മൃതദേഹം കല്ലറയില്‍ കണ്ടെത്തിയത്. വായ തുറന്ന നിലയിലാണ്. വായില്‍ ഭസ്മവും മൃതദേഹത്തിന്റെ നെഞ്ചുവരെ പൂജാദ്രവ്യങ്ങള്‍ നിറച്ചിട്ടുമുണ്ട്.

പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം അടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂ.

ഏറെ വിവാദമായ സംഭവത്തിൽ കോടതി വിധിയെ തുടർന്നാണ് ഗോപന്റെ മൃതദേഹം പുറത്തെടുത്തത്. ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്ന ചോദ്യം ഹൈക്കോടതി ഉയർത്തിയിരുന്നു . ഗോപന്റെ കല്ലറ തുറക്കുമെന്നും കോടതി വ്യക്തമാക്കി. കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണ്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ട്. സ്വാഭാവിക മരണമാണോ അസ്വഭാവിക മരണമാണോ എന്ന് തിരിച്ചറിയണം. എന്തിനാണ് ഭയമെന്നും ഹൈക്കോടതി ചോദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button