റിജിത്ത് വധക്കേസ്: ഒൻപത് പ്രതികൾക്കും ജീവപര്യന്തം

കണ്ണൂർ കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകൻ റിജിത്ത് വധക്കേസിൽ ശിക്ഷ വിധിച്ച് കോടതി. പ്രതികളായ ഒൻപത് പേർക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. 19 വർഷത്തിന് ശേഷമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ് പ്രതികൾ. തലശേരി ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
ബിജെപി-ആർഎസ്എസ് പ്രവർത്തകരായ സുധാകരൻ, ജയേഷ്, ശ്രീകാന്ത്, അജീന്ദ്രൻ, അനിൽകുമാർ, രഞ്ജിത്ത്, രാജേഷ്, ശ്രീജിത്ത്, ഭാസ്‌കരൻ എന്നിവരാണ് പ്രതികൾ. കേസിലെ മൂന്നാം പ്രതി അജേഷ് വിചാരണ നടക്കുന്നതിനിടെ വാഹനാപകടത്തിൽ മരിച്ചിരുന്നു. മുഴുവൻ പ്രതികൾക്കെതിരെയും കൊലക്കുറ്റം തെളിഞ്ഞു.
2005 ഒക്ടോബർ മൂന്നിനായിയിരുന്നു കൊലപാതകം. ക്ഷേത്രത്തിന് സമീപം ശാഖ നടത്തുന്നതുമായി ബന്ധപ്പെട്ട കണ്ണപുരം ചുണ്ടയിൽ ബിജെപി – ഡിവൈഎഫ്‌ഐ പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായിരുന്നു. കൊലപാതകം നടന്നതിന്റെ തലേ ദിവസം ഇരു വിഭാഗവും തമ്മിൽ ഏറ്റുമുട്ടി. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തച്ചൻകണ്ടി ക്ഷേത്രത്തിന് സമീപത്ത് വെച്ച് റിജിത്തിനെ അക്രമി സംഘം വെട്ടികൊലപ്പെടുത്തുകയായിരുന്നു. ആക്രമണമത്തിൽ റിജിത്തിനൊപ്പം ഉണ്ടായിരുന്ന മൂന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകർക്കും ഗുരുതരമായി പരുക്കേറ്റിരുന്നു.