ചരിത്ര നേട്ടം കുറിച്ച് ഐഎസ്ആർഒ ; ബഹിരാകാശത്ത് ആദ്യമായി യന്ത്രക്കൈ പ്രവർത്തിപ്പിച്ചു

0

ബഹിരാകാശത്ത് ആദ്യമായി യന്ത്രക്കൈ പ്രവർത്തിപ്പിച്ച് ഐഎസ്ആർഒ. റീലൊക്കേറ്റബിൾ റോബോട്ടിക് മാനിപ്പുലേറ്റർ ടെക്നോളജി ഡെമോൺസ്ട്രേറ്റർ (RRM-TD) പരീക്ഷണമാണ് ഐഎസ്ആർഒ വിജയകരമായി പരീക്ഷിച്ചത്. തിരുവനന്തപുരത്തെ ഐഎസ്ആർഒ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് വികസിപ്പിച്ച നടക്കും യന്ത്രക്കൈയുടെ പ്രവർത്തന വിഡിയോ ഐഎസ്ആർഒ എക്‌സിൽ പങ്കിട്ടു.

പിഎസ്എൽവി സി 60 ദൗത്യത്തിന്റെ ഭാഗമായാണ് യന്ത്രക്കൈ ബഹിരാകാശത്തേക്കയച്ചത്. ഒരു ബഹിരാകാശ പേടകം അതിന്റെ ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കെ വിവിധ ആവശ്യങ്ങൾക്ക് സുരക്ഷിതമായി ഉപയോഗിക്കുന്നതിനുദ്ദേശിച്ചുള്ളതാണ് ഇത്തരം യന്ത്രക്കൈകൾ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ഇത്തരം സംവിധാനമുണ്ട്. ബഹിരാകാശത്ത് വെച്ച് വസ്തുക്കൾ പിടിച്ചെടുക്കാനും അവയെ നീക്കി ഉദ്ദേശിച്ച സ്ഥലത്തേക്ക് കൊണ്ടുവരാനും യന്ത്രക്കൈ ഉപയോഗിക്കും.

ഭാവിയിൽ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കുമ്പോൾ ഉപയോഗിക്കാൻ പോകുന്ന യന്ത്രക്കൈയുടെ പ്രാഥമിക രൂപമാണ് ഇത്. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് നടന്ന് നീങ്ങി ആവശ്യമായ നിരീക്ഷണവും അറ്റകുറ്റപ്പണിയുമൊക്കെ നടത്താൻ പറ്റുന്ന രീതിയിലാണ് രൂപകൽപ്പന. സ്‌പേഡെക്‌സ് ഉപഗ്രഹങ്ങളെ വിക്ഷേപിച്ച പിഎസ്എൽവി സി 60 റോക്കറ്റിന്റെ നാലാം ഘട്ടത്തെ ഒരു താൽക്കാലിക ഉപഗ്രഹമായി ബഹിരാകാശത്ത് നിലനിർത്തിയിട്ടുണ്ട്. അതിൽ വച്ചായിരുന്നു യന്ത്രക്കൈയുടെ പരീക്ഷണം.

പ്രവർത്തനങ്ങൾ നിരീക്ഷിക്കാനുള്ള കാമറ, സെൻസറുകൾ, പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്വേർ എന്നിവയൊക്കെ ഈ യന്ത്രക്കൈയ്ക്കുണ്ട്. ബഹിരാകാശത്ത് വളരെ വേഗത്തിലാണ് വസ്തുക്കൾ സഞ്ചരിക്കുന്നത്. അതിനാൽ അവയെ പിടിച്ചുനിർത്തി സുരക്ഷിതമായി പേടകത്തോട് അടുപ്പിക്കാൻ ഇത്തരം സംവിധാനം നിർണായകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here