National

ദില്ലി ചലോ മാര്‍ച്ച് താത്കാലികമായി നിര്‍ത്തി; ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെന്ന് കര്‍ഷകര്‍

ചര്‍ച്ചകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് അറിയിച്ചതിന് പിന്നാലെ ദില്ലി ചലോ മാര്‍ച്ച് താത്കാലികമായി നിര്‍ത്തി. ചര്‍ച്ചകള്‍ക്ക് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു. അതേസമയം ടിയര്‍ ഗ്യാസ് പ്രയോഗത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് ആരംഭിച്ചത്. പഞ്ചാബിലെ ശംഭു അതിര്‍ത്തിയില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്.

മാര്‍ച്ചിന് അനുമതി നിഷേധിച്ച ഹരിയാന സര്‍ക്കാര്‍, അംബാല്‍ ജില്ലയില്‍ ഇന്റര്‍നെറ്റ് വിഛേദിക്കുകയും നിരോധനാജ്ഞ ഏര്‍പ്പെടുത്തുകയും ചെയ്തു. കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, ലഖിംപൂര്‍ ഖേരി അക്രമത്തിന്റെ ഇരകള്‍ക്ക് നീതി ഉറപ്പാക്കുക എന്നിങ്ങനെ 12 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കിസാന്‍ മസ്ദൂര്‍ മോര്‍ച്ച, രാഷ്ട്രീയതര സംയുക്ത കിസാന്‍ മോര്‍ച്ച തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ മാര്‍ച്ച്.

കര്‍ഷക നേതാക്കളായ സത്നാംസിങ്, സുര്‍ജിത് സിങ് ഫൂല്‍ തുടങ്ങിയവരാണ് ശംഭുവില്‍ നിന്നും പുറപ്പെട്ട ആദ്യ സംഘത്തെ നയിച്ചത്. കര്‍ഷകരെ തടയാന്‍ വലിയ ബാരിക്കേഡുകള്‍ തീര്‍ത്തും കേന്ദ്രസേനയെയും വന്‍ പൊലീസ് സന്നാഹത്തെയും വിന്യസിച്ചിരുന്നു. അതിര്‍ത്തിയില്‍ ഡ്രോണുകളും ജലപീരങ്കികളും തയ്യാറാക്കി . മാര്‍ച്ചിന് അനുമതി നിഷേധിച്ച ഹരിയാന സര്‍ക്കാര്‍, അംബാലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അംബാല ജില്ലയില്‍ ഡിസംബര്‍ 9 വരെയാണ് ഇന്റന്‍നെറ്റ് വിഛേദിച്ചത്. പൊതുയോഗങ്ങള്‍ക്കും മാര്‍ച്ചുകള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരിയിലും ശംഭു അതിര്‍ത്തി വഴി ദില്ലിയിലേക്ക് മാര്‍ച്ച് നടത്തിയ കര്‍ഷകരെ ഹരിയാന സര്‍ക്കാര്‍ തടഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button