Kerala

എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി : അറസ്റ്റ്‌‌

മെഡിക്കല്‍ കോളജില്‍ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ പത്തനംതിട്ട സ്വദേശി ജേക്കബ് തോമസ് അറസ്റ്റില്‍. തമിഴ്‌നാട്ടിലെ വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ സ്റ്റാഫ് ക്വാട്ടയില്‍ എംബിബിഎസ് സീറ്റ് നല്‍കാമെന്നായിരുന്നു വൈദികനെന്ന് പരിചയപ്പെടുത്തിയശേഷം ഇയാള്‍ രക്ഷിതാക്കളില്‍ നിന്ന് കോടികള്‍ തട്ടിയത്. ജേക്കബ് തോമസ് കേരളത്തിലുള്‍പ്പെടെ തട്ടിപ്പ് നടത്തിയ പ്രതി, ചെന്നൈ വിമാനത്താവളം വഴി മലേഷ്യയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് പിടിയിലായത്.

ഇയാള്‍ക്കെതിരെ തൃശൂര്‍ വെസ്റ്റ്, അങ്കമാലി, കൊരട്ടി, പാലാ, പന്തളം, അടൂര്‍ എന്നീ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് കൂടാതെ നാഗ്പൂരിലും ഇയാള്‍ക്കെതിരെ കേസ് ഉണ്ട്. ഇന്ത്യയില്‍ ബീഹാര്‍, ഹരിയാന, തമിഴ്‌നാട് എന്നീ പല സംസ്ഥാനങ്ങളിലും കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ജേക്കബ് തോമസ് പത്തനംതിട്ടയിലെ കൂടല്‍ സ്വദേശിയാണ്. വര്‍ഷങ്ങളായി നാട്ടില്‍ നിന്നും മാറി നില്‍ക്കുന്ന ഇയാള്‍ കന്യാകുമാരി തക്കലയില്‍ താമസിച്ചിരുന്ന സമയത്താണ് കേരളത്തിലെ രക്ഷിതാക്കളെ കബളിപ്പിച്ചത്.

സുവിശേഷ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ജേക്കബ് തോമസ് ആഡംബര കാറുകളിലാണ് സഞ്ചരിച്ചിരുന്നത്. വെല്ലൂരിലെ സിംഎസി മെഡിക്കല്‍ കോളജുമായും ആഗ്ലിക്കന്‍ ബിഷപ്പുമായും അടുത്ത ബന്ധം ഉള്ള ആളാണെന്നും പറഞ്ഞാണ് ജേക്കബ് തോമസ് രക്ഷിതാക്കളെ വലയിലാക്കിയിരുന്നത്. തട്ടിപ്പിന് ഇരയായവരില്‍ പലരും 60 ഉം 80 ലക്ഷം രൂപ വീതം നഷ്ടപ്പെട്ടവരാണ്. കേസില്‍ ബിഷപ്പാണെന്ന് പരിചയപ്പെടുത്തിയിരുന്ന പാസ്റ്റര്‍ പോള്‍ ഗ്ലാഡ്‌സനെയും, പാസ്റ്റര്‍മാരായ വിജയകുമാര്‍, അനുസാമുവല്‍ എന്നിവരേയും ജേക്കബ് തോമസിന്റെ മകന്‍ റെയ്‌നാര്‍ഡിനേയും തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പിന് ശേഷം പല സംസ്ഥാനങ്ങളിലുമായി ഒളിവില്‍ കഴിഞ്ഞിരുന്ന ജേക്കബ് തോമസിനെ കുടുക്കാന്‍ ജില്ലാ പൊലീസ് മേധാവി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. തൃശൂര്‍ വെസ്റ്റ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച ഈ കേസില്‍ ജേക്കബ് തോമസിന് തൃശൂര്‍ സിജെഎം കോടതിയുടെ അറസ്റ്റ് വാറന്റ് പുറത്തിറക്കിയിരുന്നു. ഇന്ന് പുലര്‍ച്ചെ പൊലീസ് തൃശൂരില്‍ പ്രതിയെ മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button