Kerala

നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടം : മരിച്ച അഭിനേത്രികളുടെ സംസ്കാരം ഇന്ന്

കണ്ണൂര്‍ മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച അഭിനേത്രികളുടെ സംസ്കാരം ഇന്ന്. രാവിലെ എട്ട് മണി മുതൽ തുടങ്ങുന്ന പൊതുദർശനത്തിന് ശേഷമാകും സംസ്കാരം. അപകടത്തിൽ മരിച്ച അഞ്ജലിക്കും ജെസ്സിക്കും എല്ലാ ആദരങ്ങളോടെയും വിട നൽകാൻ ഒരുങ്ങുകയാണ് നാട്. കഷ്ടതകൾ മാത്രം നിറഞ്ഞ ജീവിത സാഹചര്യങ്ങളോട് പടപൊരുതിവന്നിരുന്ന ജെസ്സിയുടെ വേർപ്പാട്, വലിയ വേദനയാണ് സഹപ്രവർത്തകരിൽ ഉണ്ടാക്കിയത്. ഭർത്താവിന്റെ മരണവും വീട് എന്ന സ്വപ്നവും എല്ലാം ബാക്കിയാക്കി, ഒറ്റ മകളെ തനിച്ചാക്കിയാണ് ജെസ്സി മടങ്ങുന്നത്.

മൂന്നാം വയസ്സ് മുതൽ ജെസ്സി നാടകത്തിൽ സജീവമാണ്. പിതാവായിരുന്നു ജെസ്സിയെ വേദിയിൽ എത്തിച്ചത്. എന്നാൽ പിതാവിന്റെ മരണത്തോടെ കുടുംബത്തിന്റെ ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതായി. ഇവയെ മറികടക്കാൻ 13-ാം വയസ് മുതൽ ജെസി അമച്വർ നടിയായി. തുടർന്ന് പ്രൊഫഷണൽ നാടകങ്ങളിലും വേഷമിട്ടുതുടങ്ങി.

നാടകകലാകാരൻ തേവലക്കര മോഹനൻ ആണ് ഭർത്താവ്. ജീവിതയാത്രയിൽ ഉടനീളം നിരവധി സാമ്പത്തികബാധ്യതകളും മറ്റും ഇരുവരെയും പിടിച്ചുലച്ചുകൊണ്ടിരുന്നു. വീടും വസ്തുക്കളും എല്ലാം വിറ്റെങ്കിലും കടങ്ങൾ മാത്രം വീണ്ടും വീണ്ടും ബാക്കിയായി. രോഗബാധിതനായി മോഹനൻ ജൂൺ മാസത്തിൽ മരിച്ചതോടെ മകളും ജെസ്സിയും ഒറ്റയ്ക്കായിരുന്നു. ഇപ്പോളിതാ മകൾ ഒറ്റയ്ക്കായിരിക്കുന്നു! ജെസ്സിയുടെ സഹോദരങ്ങളും വ്യത്യസ്ഥ അപകടങ്ങളിലാണ് മരിച്ചത്.

കണ്ണൂര്‍ മലയാംപടിയിലാണ് കഴിഞ്ഞ ദിവസം അഞ്ജലിയുടെയും ജെസ്സിയുടെയും ജീവനെടുത്ത അപകടമുണ്ടായത്. നാടകം കഴിഞ്ഞ് രാത്രി കടന്നപ്പള്ളിയില്‍ നിന്ന് ബത്തേരിയിലേക്ക് പോകവെയായിരുന്നു അപകടം. മലയാംപടി എസ് വളവില്‍ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. 14 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button