Blog

പന്ത്രണ്ടാം ക്ലാസ് പരീക്ഷ അടിമുടി പരിഷ്‌കരിക്കണം; നിര്‍ദേശവുമായി എന്‍സിഇആര്‍ടി

പന്ത്രണ്ടാം ക്ലാസ് പരീക്ഷാ സമ്പ്രദായം അടിമുടി പരിഷ്‌കരിക്കണമെന്ന് എന്‍സിഇആര്‍ടി. ‘എഡ്യുക്കേഷന്‍ ബോര്‍ഡുകളില്‍ ഉടനീളം തുല്യത സ്ഥാപിക്കല്‍’ എന്ന തലക്കെട്ടോടെയുള്ള റിപ്പോര്‍ട്ടിലാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷാ സമ്പ്രദായം അടിമുടി പരിഷ്‌കരിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. 9 മുതല്‍ 11 വരെയുള്ള ക്ലാസുകളിലെ മാര്‍ക്ക് പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷാ ഫലവുമായി കൂട്ടിയോജിപ്പിച്ച് പുതിയ മൂല്യനിര്‍ണ്ണയ മോഡലിന് രൂപം നല്‍കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. ഒപ്പം തൊഴിലധിഷ്ഠിതവും നൈപുണ്യവും അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പരമ്പരാഗത പരീക്ഷാ രീതികളില്‍ നിന്ന് പൂര്‍ണമായി മാറുന്നതാണ് പുതിയ രീതി. പുതിയ മോഡല്‍ അനുസരിച്ച് പന്ത്രണ്ടാം ക്ലാസ് ഫലങ്ങളെ മുന്‍ അധ്യയന വര്‍ഷങ്ങളിലെ മാര്‍ക്ക് സ്വാധീനിക്കും. പന്ത്രണ്ടാം ക്ലാസ് ഫലത്തിന്റെ 15 ശതമാനം ഒന്‍പതാം ക്ലാസില്‍ നിന്നും 20 ശതമാനം പത്താം ക്ലാസില്‍ നിന്നും 25 ശതമാനം പതിനൊന്നാം ക്ലാസ്സില്‍ നിന്നുമായിരിക്കും. ബാക്കി 40 ശതമാനം മാത്രമായിരിക്കും പന്ത്രണ്ടാം ക്ലാസിലെ പ്രകടനത്തെ അടിസ്ഥാനമാക്കി ഉണ്ടാവുക. ഒരു വിദ്യാര്‍ഥിയുടെ അക്കാദമിക് യാത്രയുടെ കൂടുതല്‍ സമഗ്രമായ വിലയിരുത്തല്‍ സാധ്യമാക്കാനാണ് പുതിയ രീതിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

എന്‍സിഇആര്‍ടിയുടെ പരിഷ്‌കരണ നിര്‍ദ്ദേശം പാഠ്യപദ്ധതിയില്‍ തൊഴിലധിഷ്ഠിതവും നൈപുണ്യവും അടിസ്ഥാനമാക്കിയുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് ഊന്നല്‍ നല്‍കുന്നു. ഡാറ്റ മാനേജ്മെന്റ്, കോഡിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സംഗീതം, കലകള്‍, കരകൗശലവസ്തുക്കള്‍ തുടങ്ങിയ മേഖലകളിലെ നിര്‍ബന്ധിത കോഴ്സുകള്‍ക്കായി റിപ്പോര്‍ട്ട് വാദിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യങ്ങളുമായി ഒത്തുപോകുന്നതാണ് പുതിയ നിര്‍ദേശങ്ങള്‍ എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഒന്‍പതാം ക്ലാസ് മുതല്‍ 12 വരെയുള്ള ക്ലാസുകളിലുടനീളമുള്ള വിദ്യാര്‍ഥികളുടെ പ്രകടനം വിലയിരുത്തുന്നതിനുള്ള ക്രെഡിറ്റ് അധിഷ്ഠിത സംവിധാനവും പുതിയ മോഡല്‍ അവതരിപ്പിക്കുന്നു. ഈ സംവിധാനത്തിന് കീഴില്‍, വിദ്യാര്‍ഥികള്‍ ഓരോ വിഷയത്തിനും ഒരു നിശ്ചിത എണ്ണം ക്രെഡിറ്റുകള്‍ നേടേണ്ടതുണ്ട്. ഉദാഹരണത്തിന്, 9, 10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ 40ല്‍ 32 ക്രെഡിറ്റുകള്‍ നേടണം. 11, 12 ക്ലാസുകളില്‍ ഉള്ളവര്‍ 44ല്‍ 36 ക്രെഡിറ്റുകള്‍ നേടേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ബാക്കിയുള്ള ക്രെഡിറ്റുകള്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ വഴി ലഭിക്കും. ജൂലൈയിലാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന് എന്‍സിഇആര്‍ടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button