Sports

‘മാപ്പ്, ഞങ്ങൾ രാജ്യത്തെ നിരാശപ്പെടുത്തി’, ടി20 ലോകകപ്പ് തോൽവിക്ക് പിന്നാലെ ക്ഷമാപണവുമായി എയ്ഞ്ചലോ മാത്യൂസ്

ഏറെ പ്രതീക്ഷകളുമായി എത്തിയ ലങ്കൻ പട. എങ്ങുമെത്താതെ, പുറത്തായി. സൂപ്പർ എട്ടിലെത്താതെ പുറത്തായതിന് പിന്നാലെ ക്ഷമാപണവുമായി ശ്രീലങ്കൻ മുൻ നായകൻ എയ്ഞ്ചലോ മാത്യൂസ് രംഗത്തെത്തി. ഞങ്ങൾ രാജ്യത്തെ മുഴുവൻ നിരാശപ്പെടുത്തിയെന്ന് കരുതുന്നുവെന്നും അതിൽ ഞങ്ങൾക്ക് ഖേദമുണ്ടെന്നും പറഞ്ഞ മാത്യൂസ്, ഇതൊരിക്കലും പ്രതീക്ഷിച്ചതല്ലെന്നും കൂട്ടിച്ചേർത്തു.

2014ലെ ലോകകപ്പ് ചാമ്പ്യന്മാരാണ് ശ്രീലങ്ക. എന്നാൽ ഇത്തവണ നേരെ തിരിച്ചായിരുന്നു ടീമിന്റെ പ്രകടനം. ഗ്രൂപ്പ് ‘ഡി’യിൽ മൂന്ന് മത്സരങ്ങൾ പൂർത്തിയാക്കിയ ശ്രീലങ്കക്ക് നേപ്പാളിനെതിരായ മത്സരം മഴ കാരണം ഉപേക്ഷിച്ചതിനെ തുടർന്ന് ലഭിച്ച ഒരു പോയന്റ് മാത്രമാണ് സമ്പാദ്യം. ദക്ഷിണാഫ്രിക്കയോടും ബംഗ്ലാദേശിനോടും തോറ്റ ശ്രീലങ്കയുടെ അവസാന ഗ്രൂപ്പ് പോരാട്ടം ഞായറാഴ്ച നെതർലാൻഡ്സിനെതിരെയാണ്.

കളിച്ച നാല് മത്സരങ്ങളും ജയിച്ച ദക്ഷിണാഫ്രിക്ക സൂപ്പർ എട്ടിൽ പ്രവേശിച്ചപ്പോൾ ബംഗ്ലാദേശും യോഗ്യതക്കരികെയാണ്. നേപ്പാളിനെതിരായ അടുത്ത മത്സരം ജയിച്ചാലും ഉപേക്ഷിച്ചാലും ബംഗ്ലാദേശിന് മുന്നേറാം. ഈ മത്സരം തോറ്റാലും രണ്ട് പോയന്റുള്ള നെതർലാൻഡ്സ് ശ്രീല​ങ്കയോട് തോൽക്കുകയോ വൻ മാർജിനിൽ ജയിക്കാതിരിക്കുകയോ ചെയ്താലും ബംഗ്ലാദേശിന് സൂപ്പർ എട്ടിലെത്താം. അതേസമയം, നേരിയ സാധ്യതയുള്ള നെതർലാൻഡ്സിന് ശ്രീലങ്കക്കെതിരെ വൻ മാർജിനിൽ ജയം നേടിയാൽ മാത്രമേ സൂപ്പർ എട്ടിലെത്താനാവൂ.

ലങ്കയിൽ സമീപകാലത്തുണ്ടായ ആഭ്യന്തരകലഹം എല്ലാം ടീമിനെ വല്ലാതെ അലട്ടിയിരുന്നു. അതിൽ നിന്നെല്ലാമുള്ള മാറ്റം ഉണ്ടാകുമെന്ന് ടീം പ്രതീക്ഷിച്ചിരുന്നു. എന്നാൽ അത് ഉണ്ടായില്ലെന്ന് മാത്രമല്ല, സൂപ്പർ 8 പോലും കാണാതെ പുറത്താവുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button