ബി.ജെ.പിക്ക് ഒറ്റക്ക് കേവലഭൂരിപക്ഷമുണ്ടാകില്ല, എന്‍.ഡി.എ 272 കടക്കും; യോഗേന്ദ്ര യാദവിന്റെ അന്തിമ വിലയിരുത്തല്‍ ഇങ്ങനെ

0

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തനിച്ച് കേവലഭൂരിപക്ഷം ലഭിക്കില്ലെന്ന് പ്രവചിച്ച് രാഷ്ട്രീയ വിശകലനവിദഗ്ധനും പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റുമായ യോഗേന്ദ്ര യാദവ്. ബി.ജെ.പി പരമാവധി 260 സീറ്റുകള്‍ വരെ നേടാമെന്നാണ് പ്രവചനം. 240 സീറ്റുകളായിരിക്കും ബി.ജെ.പിക്ക് പ്രവചിക്കുന്ന കുറഞ്ഞ സീറ്റുകള്‍.

ബി.ജെ.പിയെ കൂടാതെ എന്‍.ഡി.എ. മുന്നണിക്ക് 35 മുതല്‍ 45 വരെ സീറ്റുകള്‍ ലഭിക്കാമെന്ന് അദ്ദേഹം വിലയിരുത്തുന്നു. 85 മുതല്‍ 100 വരെ സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയേക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇന്ത്യ സഖ്യത്തിന് കോണ്‍ഗ്രസിനെ കൂടാതെ 120 സീറ്റുമുതല്‍ 135 സീറ്റുകള്‍ വരെ ലഭിക്കാമെന്നുമാണ് അദ്ദേഹത്തിന്റെ പ്രവചനം.

‘ബി.ജെ.പി. അവകാശപ്പെടുന്ന 400 സീറ്റുകളോ നിലവിലെ 303 എന്ന നിലയിലോ ബി.ജെ.പി എത്തില്ല. 272 സീറ്റുപോലും ഒറ്റയ്ക്ക് നേടില്ല. രാഷ്ട്രീയ ദിശ മാറി വീശുകയാണെങ്കില്‍ എന്‍.ഡി.എക്ക് തന്നെ കേവല ഭൂരിപക്ഷം ലഭിക്കില്ല’, യാദവ് സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

യാദവിന്റെ വിലയിരുത്തല്‍ പങ്കുവെച്ച് തന്റെ മുന്‍ പ്രവചനങ്ങളെ ന്യായീകരിച്ച് പ്രശാന്ത് കിഷോര്‍ രംഗത്തെത്തി. യോഗേന്ദ്ര യാദവിന്റെ കണക്കുകള്‍ പ്രകാരം 275 മുതല്‍ 205 സീറ്റുകള്‍ വരെ എന്‍.ഡി.എക്ക് ലഭിക്കും. രാജ്യത്ത് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ 272 സീറ്റുകളാണ് ആവശ്യം. നിലവില്‍ ബി.ജെ.പിക്ക് 303 സീറ്റുകളും എന്‍.ഡി.എയ്ക്ക് 323 സീറ്റുകളുമുണ്ട്. ശിവസേന കഴിഞ്ഞ തവണ എന്‍.ഡി.എയുടെ ഭാഗമായി 18 സീറ്റ് നേടി. ഇപ്പോള്‍ സഖ്യത്തിനൊപ്പമില്ല. ഇനി ആരാണ് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്ക് വിലയിരുത്താമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. നിലവിലെ സ്ഥിതി ആവര്‍ത്തിക്കുമെന്നും ബി.ജെ.പി- എന്‍.ഡി.എ. സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന പ്രശാന്ത് കിഷോറിന്റെ പ്രവചനം വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here