FinanceNews

ശമ്പളവും പെൻഷനും ഇത്തവണ മുടങ്ങില്ല: ട്രഷറി നിയന്ത്രണത്തിന് പിന്നാലെ 2000 കോടി കടമെടുപ്പിന് ബാലഗോപാൽ

തിരുവനന്തപുരം: കേരളം വീണ്ടും കടമെടുക്കും. ഏപ്രിൽ 30 ന് 2000 കോടി രൂപയാണ് കേരളം കടമെടുക്കുന്നത്. ഏപ്രിൽ 23 ന് 1000 കോടി കടമെടുത്തിരുന്നു.

റിസര്‍വ് ബാങ്കിന്റെ കോര്‍ ബാങ്കിംഗ് സൊല്യൂഷന്‍ അഥവാ ഇ- കുബേർ വഴി കടപ്പത്രമിറക്കിയാണ് കേരളം കടം എടുക്കുന്നത്. 26 വർഷത്തെ കാലാവധിയുള്ളതാണ് കേരളം ഇറക്കുന്ന കടപ്പത്രങ്ങൾ. ബാങ്കുകളാണ് സർക്കാർ കടപ്പത്രങ്ങളിൽ നിക്ഷേപം നടത്തുന്നത്.

സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ പ്രകാരം ബാങ്കുകൾ നിർബന്ധമായും കടപ്പത്രങ്ങൾ വാങ്ങിയിരിക്കണം. റിസർവ് ബാങ്ക് നിശ്ചയിക്കുന്ന പലിശ ബാങ്കുകൾക്ക് ലഭിക്കും. മെച്യൂരിറ്റി കാലാവധി അവസാനിക്കുന്നതുവരെ ഓരോ വർഷവും മെയ് രണ്ടിനും നവംബർ രണ്ടിനും അർധവാർഷികമായി പലിശ നൽകും.

37512 കോടിയാണ് കേരളത്തിന് 2024-25 സാമ്പത്തിക വർഷം കടം എടുക്കാൻ സാധിക്കുക. കിഫ്ബി , പെൻഷൻ കമ്പനി എന്നിവർ എടുത്ത മുൻകാല കടം കേന്ദ്രം ഇത്തവണ വെട്ടിക്കുറയ്ക്കും എന്നാണ് റിപ്പോർട്ട് . അങ്ങനെ വന്നാൽ കടം എടുക്കാൻ സാധിക്കുക 25500 കോടിയാണ്. 2000 കോടി ഏപ്രിൽ 30 ന് ലഭിച്ചാലും ശമ്പളവും പെൻഷനും കൊടുക്കാൻ സാധിക്കില്ല. അതു കൊണ്ട് ഏപ്രിൽ പകുതിയോടെ കടുത്ത ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

1 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിൻ്റെ അനുമതി വേണം. ശമ്പളവും പെൻഷനും ഇത്തവണ അതു കൊണ്ട് തന്നെ മുടങ്ങില്ല എന്ന ആശ്വാസത്തിലാണ് ബാലഗോപാൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button