Loksabha Election 2024

മുകേഷിനുള്ളത് 14.98 കോടിയുടെ സ്വത്തും ഒരു കേസും; കാര്‍ ഔഡി മാറി ബിഎംഡബ്ല്യു ആയി

കൊല്ലം: എല്‍.ഡി.എഫ് കൊല്ലം മണ്ഡലം സ്ഥാനാര്‍ഥി എം. മുകേഷിന് ആകെ 14.98 കോടിയുടെ സ്വത്ത്. സ്ഥാവര-ജംഗമ സ്വത്തുക്കളുടെ ആകെ മൂല്യം 14,98,08,376 രൂപയാണ്. തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയിലെ സത്യവാങ്മൂലത്തിലാണ് സ്വത്ത്‌വിവരങ്ങള്‍ വ്യക്തമാക്കിയത്.

2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 10.22 കോടി രൂപയുടെ സ്വത്തുക്കളാണുണ്ടായിരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് വേണ്ടി സമര്‍പ്പിച്ച സത്യവാങ്മൂലം പ്രകാരം 50,000 രൂപയാണ് കൈവശമുള്ളത്. വിവിധ ബാങ്കുകളിലും തിരുവനന്തപുരം സബ് ട്രഷറിയുമായിലുമായി സ്ഥിര നിക്ഷേപവും ഓഹരികളുമടക്കം 10,48,08,376 രൂപയുണ്ട്. കൂടാതെ, ഇപ്പോള്‍ താമസിക്കുന്ന വീട് ഉള്‍പ്പെടെ 230 സെന്റ് ഭൂമിയുടെയും ചെന്നൈയിലെ 2 ഫ്‌ലാറ്റുകളുടെയും വിപണി മൂല്യമായി കണക്കാക്കിയിരിക്കുന്നത് 4,49,50,000 രൂപയാണ്. 2,40,000 രൂപ മൂല്യം വരുന്ന സ്വര്‍ണവുമുണ്ട്.

നിലവില്‍ 2.4 ലക്ഷത്തിന്റെ സ്വര്‍ണമുണ്ട്. രണ്ട് കാറുകളാണ് സ്വന്തം പേരിലുള്ളത്. കാര്‍ഷികേതര ഭൂമി 3,39,50,000 രൂപയുടേത്. മറ്റ് കെട്ടിടങ്ങളായി 1.10 കോടി രൂപയുടെ മാര്‍ക്കറ്റ് വില വരുന്ന സ്വത്തുമുണ്ട്. ഇത് രണ്ടും ചേര്‍ന്ന് ആകെ 4,49,50,000 രൂപയുടെ സ്വത്താണുള്ളത്.

കൊല്ലം വടക്കേവിളയില്‍ കുടുംബസ്വത്തായി ലഭിച്ച 33 സെന്റ് ഭൂമിയുണ്ട്. എറണാകുളം കണയന്നൂരിലെ 37 സെന്റ് വസ്തു ശ്രീനിവാസനൊപ്പം ചേര്‍ന്നാണു വാങ്ങിയത്. തമിഴ്‌നാട്ടിലെ മഹാബലിപുരം, തോന്നയ്ക്കല്‍, ശക്തികുളങ്ങര, പോത്തന്‍കോട് എന്നിവിടങ്ങളിലായി ഭൂമിയുണ്ട്. ഇപ്പോള്‍ താമസിക്കുന്ന വീട് പൂര്‍വിക സ്വത്തായി ലഭിച്ചതാണ്. ബിഎംഡബ്ല്യു, മഹീന്ദ്ര എക്‌സ്യുവി എന്നീ രണ്ടു കാറുകളും സ്വന്തമായുണ്ട്.

ഭാര്യ മേതില്‍ ദേവിക, ആദ്യ ഭാര്യ സരിത എന്നിവരുമായി പങ്കാളിത്തത്തിലും ഭൂമിയും ഫ്‌ലാറ്റും നിലവിലുണ്ട്. മേതില്‍ ദേവികയുമായി വിവാഹമോചനക്കേസ് നിലനില്‍ക്കുന്നതിനാല്‍ അവരുടെ സ്വത്ത് വിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഒരു കേസുണ്ടെന്നും പറയുന്നു. പുനലൂര്‍ പൊലീസ് സ്റ്റേഷനില്‍ 2014ല്‍ റജിസ്റ്റര്‍ ചെയ്ത കേസ് പുനലൂര്‍ മജിസ്‌ട്രേട്ട് കോടതിയുടെ പരിഗണനയിലാണ്. പൊതുവഴി തടസ്സപ്പെടുത്തിയെന്നാണ് കേസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button