KeralaNews

‘സുരേഷ് ​ഗോപി ക്ഷണിച്ച നൃത്തപരിപാടിയിൽ പങ്കെടുക്കാനാകില്ല; സിനിമയിൽ നിന്നുമൊരാൾ വിളിച്ചതിൽ സന്തോഷം: ഡോ ആർഎല്‍വി രാമകൃഷ്ണൻ

തൃശൂർ: കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപത്തിന് ഇരയായ ഡോ ആർഎല്‍വി രാമകൃഷ്ണന് കുടുംബക്ഷേത്രത്തില്‍ വേദിനല്‍കാമെന്ന സുരേഷ്ഗോപിയുടെ വാഗ്ദാനത്തിന് മറുപടിയുമായി നർത്തകൻ. അദ്ദേഹം ക്ഷണിച്ച നൃത്ത പരിപാടിക്ക് പങ്കെടുക്കാൻ പറ്റില്ലെന്നും സിനിമയില്‍ നിന്ന് ഒരാള്‍ വിളിച്ചതില്‍ സന്തോഷമെന്നും ആർഎല്‍വി രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

ചേട്ടൻ പോയതിന് ശേഷം എട്ടുവർഷത്തിന് ശേഷമാണ് സിനിമയില്‍ നിന്ന് ഒരു സപ്പോർട്ട് കിട്ടുന്നത്. അന്നേ ദിവസം വേറെ പരിപാടിയുള്ളതുകൊണ്ടാണ് സുരേഷ്ഗോപിയുടെ ക്ഷണം സ്വീകരിക്കാനാകാത്തതെന്നും രാമകൃഷ്ണൻ അറിയിച്ചു.

കലാമണ്ഡലം സത്യഭാമയില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നും. കറുത്ത നിറത്തോടുള്ള മനോഭാവം ഇന്നത്തെ സമൂഹം വെച്ചുപുലർത്തുന്നത് ശരിയല്ലെന്നും രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

സത്യഭാമയെ തള്ളാതെ സുരേഷ് ഗോപി

നൃത്താധ്യാപകന്‍ ഡോ. ആര്‍.എല്‍.വി രാമകൃഷ്ണനെ അധിക്ഷേപിച്ചുകൊണ്ടുള്ള പരാമര്‍ശത്തില്‍ സത്യഭാമയെ തള്ളാതെ സുരേഷ് ഗോപി. ഈ വിവാദത്തില്‍ കക്ഷി ചേരാന്‍ ഇല്ലെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

വിഷയത്തില്‍ സുരേഷ് ഗോപിയെ വെളുപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളായിരുന്നു ചില മാധ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്. മൂന്ന് പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലെ തൃശൂരില്‍ നിന്നുള്ള റിപ്പോര്‍ട്ടര്‍മാര്‍ ആര്‍.എല്‍.വി രാമകൃഷ്ണന്റെ പ്രതികരണം എടുക്കാന്‍ ചെന്നിരുന്നു. അക്കൂട്ടത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ തന്റെ ഫോണില്‍ നിന്ന് സുരേഷ് ഗോപിയെ വിളിച്ച് ആര്‍.എല്‍.വി രാമകൃഷ്ണന് ഫോണ്‍ നല്‍കുകയായിരുന്നു. അതിന് ശേഷം ഫോണ്‍ സ്പീക്കറിലിടാനും രാമകൃഷ്ണനോട് പറഞ്ഞു.

തന്റെ കുടുംബക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവത്തിന് ഒറ്റയ്ക്ക് വന്ന് മോഹിനിയാട്ടം അവതരിപ്പിക്കാന്‍ തയ്യാറാണോയെന്ന് ഫോണില്‍ സുരേഷ് ഗോപി രാമകൃഷ്ണനോട് ചോദിച്ചു. രാമകൃഷ്ണന്‍ ഇതിന് സമ്മതം അറിയിക്കുകയും ചെയ്തു.

തന്റെ നവോത്ഥാന പ്രവര്‍ത്തനം ഇങ്ങനെയാണെന്നും അല്ലാതെ സാമൂഹിക വിമര്‍ശനത്തിന് വേണ്ടി ജീവിക്കുന്ന ആളുകളുടെ കൂടെ അണിനിരക്കാന്‍ പറ്റില്ലെന്നും അവരൊക്കെ എപ്പോള്‍ തിരിഞ്ഞു കുത്തുമെന്ന് പറയാന്‍ പറ്റില്ലെന്നുമായിരുന്നു സുരേഷ് ഗോപി ആര്‍.എല്‍.വി രാമകൃഷ്ണനോട് ഫോണില്‍ പറഞ്ഞത്.

പ്രതിഫലം നല്‍കിയാണ് രാമകൃഷ്ണന് വേദി നല്‍കുന്നതെന്നും വിവാദത്തില്‍ കക്ഷി ചേരുന്നില്ലെന്നും പറഞ്ഞ സുരേഷ് ഗോപി ഒരു വാക്ക് കൊണ്ടുപോലും സത്യഭാമയുടെ അധിക്ഷേപ പരാമര്‍ശത്തെ തള്ളാന്‍ തയ്യാറായില്ല. വിവാദങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെതിരായ ജനരോഷത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടിയുള്ളതാണെന്ന് സുരേഷ് ഗോപി പറഞ്ഞു.

നേരത്തെ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ സുരേഷ് ഗോപിക്ക് പിന്തുണ നല്‍കിയ വ്യക്തികൂടിയാണ് സത്യഭാമ. മാത്രമല്ല ആര്‍.എസ്.എസ് സഹയാത്രികയായ അവര്‍ കേസരി വാരികയില്‍ ലേഖനം എഴുതുന്നുണ്ട്. സത്യഭാമയുടെ ഫേസ്ബുക്ക് ടൈം ലൈനില്‍ തൃശൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കൂടിയായ സുരേഷ് ഗോപിയെ പുകഴ്ത്തുന്ന പോസ്റ്റുകളും ഉണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button