ശമ്പളമില്ലെങ്കിലും 5 ലക്ഷത്തിന്റെ വിരുന്നൊരുക്കി ധനമന്ത്രി; 750 പേര്‍ക്ക് കെ.എന്‍. ബാലഗോപാലിന്റെ ഉച്ചഭക്ഷണ വിരുന്ന്

0

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും ശമ്പള പ്രതിസന്ധിക്കിടയിലും 750 പേര്‍ക്ക് വിരുന്നൊരുക്കാന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. 5 ലക്ഷം രൂപയാണ് വിരുന്നിന്റെ ചെലവ്. നാളെയാണ് വിരുന്ന്.

ബജറ്റ് തയാറാക്കലുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കാണ് വിരുന്നൊരുക്കുന്നത്. ധനകാര്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറി മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരെ വിരുന്നിനായി പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. ജോയിന്റ് സെക്രട്ടറി മുതല്‍ മുകളിലോട്ട് 100 ഓളം ഉദ്യോഗസ്ഥരാണ് ധനവകുപ്പില്‍ ഉള്ളത്.

ധനവകുപ്പില്‍ നിന്ന് മാത്രം 400 ഓളം ഉദ്യോഗസ്ഥര്‍ വിരുന്നില്‍ പങ്കെടുക്കും. ഇവരെ കൂടാതെ നികുതി വകുപ്പ്, ജി.എസ്.ടി കമ്മീഷണറേറ്റ്, ഗവണ്‍മെന്റ് പ്രസ് ജീവനക്കാര്‍, ബാലഗോപാലിന്റെ 25 പേഴ്‌സണല്‍ സ്റ്റാഫുകള്‍ എന്നിവരും വിരുന്നില്‍ പങ്കെടുക്കും. തൈക്കാടുള്ള ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലാണ് വിരുന്നൊരുക്കുന്നത്.

വിരുന്നില്‍ പങ്കെടുക്കുന്ന ഉദ്യോഗസ്ഥരെ ഗസ്റ്റ് ഹൗസില്‍ എത്തിക്കാന്‍ പ്രത്യേക ബസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 32 ഇനം വിഭവങ്ങള്‍ ആണ് ഭക്ഷണത്തിന് ഒരുക്കിയിരിക്കുന്നത്.

ശമ്പളം കിട്ടാത്തതില്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രതിഷേധമുണ്ടെങ്കിലും വിരുന്നിനിടയില്‍ ശമ്പള കാര്യം ചോദിക്കില്ല എന്ന പ്രത്യാശയിലാണ്് ബാലഗോപാല്‍. ഭക്ഷണം കൊള്ളാം എന്ന് പറഞ്ഞ് അവര്‍ മടങ്ങും എന്ന് ബാലഗോപാലിനറിയാം.

ബജറ്റ് തയ്യാറാക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് വിരുന്നിന് പുറമെ പ്രത്യേക അലവന്‍സും നല്‍കും. തസ്തികയുടെ സ്വഭാവം അനുസരിച്ച് 10,000 രൂപ മുതല്‍ 50,000 രൂപ വരെ അലവന്‍സായി ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here