
സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് 8 പേർ മരിച്ചു. കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനാഷ്ടങ്ങളുണ്ട്. നാളെയും അതിതീവ്ര മഴയാണ് പ്രവചിച്ചിരിക്കുന്നത്. 11 ജില്ലകളിൽ റെഡ് അലർട്ടും മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു. കോടഞ്ചേരി ചന്ദ്രൻകുന്നേൽ ബിജു- ഷീബ ദമ്പതികളുടെ മക്കളായ നിധിൻ (14), എബിൻ (10) എന്നിവരാണ് മരിച്ചത്. തേക്കിന്റെ കൊമ്പ് കാറ്റത്ത് ഒടിഞ്ഞു വൈദ്യുതി ലൈനിൽ പതിച്ചു. ലൈൻ പൊട്ടി തോട്ടിൽ വീണാണ് അപകടം. ഈ സമയത്ത് ഇരുവരും തോട്ടിൽ നിന്നു മീൻ പിടിക്കുകയായിരുന്നു.
കോഴിക്കോട് ഓടുന്ന ബൈക്കിനു മുകളിലേക്ക് വീണ് ഒരാൾ മരിച്ചു. വടകര കുന്നുമ്മായീന്റവിടെ മീത്തൽ പവിത്രൻ (64) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. വീട്ടിൽ നിന്നു വില്യാപ്പള്ളി ടൗണിലേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെ ആയിരുന്നു അപകടം ഉണ്ടായത്. ഇടവഴിയിലൂടെ മുന്നോട്ട് പോകുമ്പോൾ തെങ്ങ് കടപുഴകി മുകളിലേക്ക് വീഴുകയായിരുന്നു.
കൊടുങ്ങല്ലൂരിൽ വഞ്ചി മറിഞ്ഞുള്ള അപകടത്തിൽ ഒരാൾ കൂടി മരിച്ചു. പ്രദീപ് (55) ആണ് മരിച്ചത്. പാലക്കാട് മഴക്കെടുതിയിൽപ്പെട്ട് രണ്ട് പേരും മരിച്ചു. മീൻ പിടിക്കാൻ പോയ 48കാരനെ വെള്ളക്കെട്ടിൽ വീണു മരിച്ച നിലയിലാണ് കണ്ടെത്തിയത്. തിരുമിറ്റക്കോട് മൈലാഞ്ചിക്കാട് പള്ളത്ത്പടി സുരേഷ് ശങ്കരൻ ആണ് മരിച്ചത്.
ഇടുക്കിൽ മരം വീണ് തൊഴിലാളി മരിച്ചു. ഇതര സംസ്ഥാന തൊഴിലാളിയായ സ്ത്രീയുടെ ദേഹത്താണ് മരം വീണത്. മധ്യപ്രദേശ് സ്വദേശി മാലതിയാണ് മരിച്ചത്. കൊച്ചി വടുതലയിൽ ഒഴുക്കിൽ പെട്ട് ഒരാൾ മരിച്ചു. കൊറുങ്കോട്ട കായലിൽ നീന്തുന്നതിനിടെ വടുതല അനീഷ് ആണ് ഒഴുക്കിൽപ്പെട്ടത്.