Kerala

തിരുവനന്തപുരത്ത് സ്കൂൾ ബസ് തലയിലൂടെ കയറി ഇറങ്ങി 7 വയസുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് സ്കൂൾ ബസ് തലയിൽ കൂടികയറി ഇറങ്ങി 7 വയസുകാരി മരിച്ചു. പള്ളിക്കൽ മടവൂർ മഹാദേവ ക്ഷേത്രത്തിന് സമീപമാണ് സംഭവം. മടവൂർ ഗവ: എൽപിഎസ് സ്കൂൾ വാഹനമാണ് അപകടത്തിൽ പെട്ടത്. മടവൂർ ഗവ. എൽപിഎസിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയും മണികണ്ഠൻ ആചാരി – ശരണ്യ ദമ്പതികളുടെ മകൾ കൃഷ്ണേന്ദു (7) ആണ് മരിച്ചത്.

മടവൂർ ചാലിൽ എന്ന സ്ഥലത്താണ് സംഭവം. സ്കൂൾ ബസ് ഇറങ്ങി മുന്നോട്ടു നടന്ന പെൺകുട്ടി കാൽ തട്ടി റോഡിൽ വീണു. പെൺകുട്ടി മുന്നിൽ വീണത് ഡ്രൈവർക്ക് കാണാൻ കഴിഞ്ഞില്ല. ബസ് മുന്നോട്ട് എടുത്തതോടെ വിദ്യാർത്ഥിനി അതിനടിയിൽ പെടുകയായിരുന്നു. കുട്ടിയുടെ വീടിന്റെ മുന്നിൽ വെച്ചാണ് സംഭവം ഉണ്ടായത്. കുട്ടിയെ വീട്ടിൽ ഇറക്കി തിരികെ പോകും വഴിയായിരുന്നു അപകടം. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.

മറ്റൊരു സംഭവത്തിൽ, ആലുവയിൽ വിദ്യാർത്ഥിനി സ്വകാര്യ ബസിൽ നിന്നും തെറിച്ചു വീണു പരിക്കേറ്റു. എടയപ്പുറം സ്വദേശിനിയും കലൂരിലെ ജിസിഐ എന്ന സ്ഥാപനത്തിലെ വിദ്യാർത്ഥിനിയുമായ നയനയ്ക്കാണ് പരുക്കേറ്റത്. കുട്ടിയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ജീവനക്കാരുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്നാണ് യാത്രക്കാർ പറഞ്ഞത്.

എടയപ്പുറം നേച്ചർ കവലയിലെ വളവ് വേഗത്തിൽ തിരിക്കുന്നതിനിടയിലാണ് വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ചു വീണത്. വാതിൽ ശരിയായ വിധത്തിൽ അടയ്ക്കാതിരുന്നതാണ് അപകടത്തിന് കാരണമാക്കിയതെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ആലുവ ബാങ്ക് കവലയിൽ സ്വകാര്യ ബസിൽ നിന്നും വീണ് ചൂർണിക്കര സ്വദേശിനിയ്ക്ക് പരുക്കേറ്റിരുന്നു. ബസ് ജീവനക്കാരുടെ മത്സര ഓട്ടമാണ് അപകടത്തിന് കാരണമാക്കുന്നതെന്നും ആരോപണമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button