Kerala

ആശമാരുടെ ഓണറേറിയം ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിന് ശുപാര്‍ശ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുമ്പില്‍ സമരം തുടരുന്ന ആശമാര്‍ക്ക് ശുഭവാര്‍ത്ത. ഓണറേറിയം ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ആശമാരുടെ പ്രശ്‌നങ്ങള്‍ പഠിച്ച സമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. നിലവില്‍ 7000 രൂപയുള്ള ഓണറേറിയം10000 ആയി വര്‍ധിപ്പിക്കണമെന്നാണ് ശുപാര്‍ശ. വിരമിക്കല്‍ ആനുകൂല്യം വര്‍ധിപ്പിക്കണമെന്നും ശുപാര്‍ശയുണ്ട്.

ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് ആരോഗ്യ മന്ത്രിക്ക് സമര്‍പ്പിച്ചു. തങ്ങളുടെ ന്യായമായ ആവശ്യമെന്ന് തെളിഞ്ഞതായി ആശമാര്‍ പ്രതികരിച്ചു. ശുപാര്‍ശ വൈകിപ്പിക്കാതെ നടപ്പിലാക്കണമെന്നും സമരം അവസാനിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും ആശാസമര നേതാവ് മിനി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ആശാ സമരം ഇന്ന് ഇരുന്നൂറ് ദിവസം കടന്നു.

ഓണറേറിയം വര്‍ധിപ്പിക്കുക, കുടിശ്ശികയായ ഓണറേറിയവും ഇന്‍സെന്റീവും ഉടന്‍ വിതരണം ചെയ്യുക, വിരമിക്കല്‍ ആനുകൂല്യവും പെന്‍ഷനും നല്‍കുക അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഫെബ്രുവരി 10 ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആശാവര്‍ക്കര്‍മാര്‍ സമരം ആരംഭിച്ചത്.

നിയമസഭാ മാര്‍ച്ച്, വനിതാ സംഗമം, സെക്രട്ടേറിയറ്റ് ഉപരോധം, രാപകല്‍ സമരയാത്ര, എന്‍എച്ച്എം ഓഫീസ് മാര്‍ച്ച് തുടങ്ങിയവ സമരത്തിനിടെ ആശമാര്‍ സംഘടിപ്പിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button