Kerala

ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ പീഡനത്തിന് ഇരയായ യുവതി മരിച്ചു

കൊച്ചി ചോറ്റാനിക്കരയില്‍ ആണ്‍സുഹൃത്തിന്റെ ക്രൂരമായ പീഡനനത്തിന് ഇരയായി ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആറുദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ആണ്‍സുഹൃത്ത് യുവതിയുടെ വീട്ടിലെത്തിയത്. തര്‍ക്കമുണ്ടായതിന്റെ പേരില്‍ ഇയാള്‍ യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെ തിരിച്ചുപോയി. അന്ന് ഉച്ചകഴിഞ്ഞാണ് പെണ്‍കുട്ടിയെ അവശയായ നിലയില്‍ കണ്ടെത്തിയത്. അര്‍ധനഗ്‌നയായ ശരീരമാസകലം ചതഞ്ഞ പാടുകളുമുണ്ടായിരുന്നു. തുടർന്ന് ചോറ്റാനിക്കര പൊലീസും ബന്ധുക്കളും ജനപ്രതിനിധിയും ചേർന്ന് തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

യുവതിയുടെ മാതാവിന്റെ പരാതിയിൽ യുവതിയുടെ സുഹൃത്തായ തലയോലപ്പറമ്പ് സ്വദേശി അനൂപ് അറസ്റ്റിലായിരുന്നു. പോക്സോ അതിജീവിത കൂടിയായ പെൺകുട്ടി ഇൻസ്റ്റ​ഗ്രാമിലൂടെയാണ് പ്രതിയുമായി സൗഹൃദത്തിലായത്. ഇടയ്ക്കിടയ്ക്ക് ഇയാൾ പെൺകുട്ടി താമസിച്ചിരുന്ന ചോറ്റാനിക്കരയിലെ വീട്ടിലെത്താറുണ്ടായിരുന്നു. അമ്മയുമായി അത്ര ചേർച്ചയിലായിരുന്നില്ല പെൺകുട്ടി. അമ്മ മറ്റൊരു ക്വാട്ടേഴ്സിലായിരുന്നു താമസം. പെൺകുട്ടി സാധാരണ വീട്ടിൽ തനിച്ചായിരുന്നു താമസം.

സംഭവദിവസം തർക്കമുണ്ടായതിന്റെ പേരിൽ ഇയാൾ പെൺകുട്ടിയെ ക്രൂരമായി പീഡിക്കുകയായിരുന്നു. പെൺകുട്ടിയുടെ തല ഇയാൾ ഭിത്തിയിലിടിക്കുകയും ശ്വാസം മുട്ടിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇയാൾ പെൺകുട്ടിയോട് ചത്തൂടേ എന്ന് ചോദിച്ചതായും പൊലീസ് പറയുന്നു. ഇതിന് ശേഷമാണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. പെൺകുട്ടി ഷാളിൽ തൂങ്ങി മരണവെപ്രാളത്തിലായതോടെ ഇയാൾ ഷാൾ മുറിച്ചു. അതിന് ശേഷവും അനൂപ് പെൺകുട്ടിയെ ഉപദ്രവിച്ചതായും പിന്നീട് മരിച്ചെന്ന് കരുതി രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button