കപ്പലില്‍ നിന്ന് രക്ഷപ്പെട്ട 18 പേരെ മംഗലാപുരത്തെത്തിച്ചു; അതീവ ഗുരുതരാവസ്ഥയിലുള്ള 6 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വാന്‍ ഹായ് 503 എന്ന ചരക്കുകപ്പലില്‍ നിന്ന് ചാടി രക്ഷപ്പെട്ട 18 പേരെ മംഗലാപുരത്തെത്തിച്ചു. ഇതില്‍ അതീവ ഗുരുതരാവസ്ഥയിലുള്ള ആറ് പേരെ എ ജെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേര്‍ക്ക് 80 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് നിസാരപരുക്കുകളായതിനാല്‍ പ്രാഥമിക ചികിത്സ നല്കി ഹോട്ടലിലേക്ക് മാറ്റി. ചൈനയില്‍ നിന്ന് എട്ട് പേര്, തായ്വാനില് നിന്ന് നാല് പേര്, മ്യാന്മറില് നിന്ന് നാല് പേര്, ഇന്‍ഡോനേഷ്യയില്‍ നിന്നുമുള്ള രണ്ട് പേരുമാണ് 18 പേരിലുള്ളത്.
അതെസമയം അപകടത്തില്‍പ്പെട്ട ചരക്കുകപ്പല്‍ കത്തിയമര്‍ന്നു കൊണ്ടിരിക്കുകയാണ്. അപ്രായോഗികത കണക്കിലെടുത്ത് തീയണക്കല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ കാണാതായ നാല് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരും. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ കൊച്ചിക്കും കോഴിക്കോടിനുമിടയില്‍ കണ്ടെയ്നറുകള്‍ തീരത്തടിയുമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
കപ്പലില്‍ നിന്നുള്ള എണ്ണപ്പാട കേരളതീരത്തിന്റെ സമാന്തരദിശയില്‍ നീങ്ങാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. നിലവില്‍ ചില കണ്ടെയ്നറുകള്‍ കടലിന്റെ പ്രതലത്തില്‍ കപ്പലിനോട് ചേര്‍ന്ന് ഒഴുകി നടക്കുകയാണ്. തീപ്പിടിക്കാന്‍ സാധ്യതയുള്ളതും പ്രതിപ്രവര്‍ത്തനം നടത്താന്‍ സാധ്യതയുള്ളതുമായ വസ്തുക്കളാണ് ഇതിലുള്ളത്. അതുകൊണ്ട് തന്നെ കപ്പലിന്റെ അടുത്തേക്ക് കോസ്റ്റ് ഗാര്‍ഡിന്റെയോ മറ്റ് കപ്പലുകളോ എത്തുന്നത് പ്രശ്നമാണ്. ഇത് അപകട സാധ്യത വര്‍ധിപ്പിക്കും. രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി അഞ്ച് കോസ്റ്റ്ഗാര്‍ഡ് വെസലുകളാണ് നിലവിലുള്ളത്. കൂടുതല്‍ കണ്ടെയ്നറുകള്‍ കത്താന്‍ സാധ്യതയുള്ളതിനാല്‍ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.