മലപ്പുറത്ത് മരിച്ച 17കാരിക്ക് നിപ ബാധിച്ചിരുന്നുവെന്ന് സംശയം, സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു

മലപ്പുറം: സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിയായ പതിനേഴുകാരിക്ക് നിപ ബാധിച്ചിരുന്നുവെന്ന് സംശയം. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് 17 കാരിയുടെ പോസ്റ്റുമോർട്ടം നടന്നത്.
സാമ്പിൾ പൂനൈ എൻ.ഐ.വിയിലേക്ക് അയച്ചു. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറും ജീവനക്കാരും ക്വാറൻ്റീനിലാണ്. ഈ മാസം ഒന്നിനാണ് പെണ്‍കുട്ടിയുടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്.
ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഇനത്തിലെ വൈറസാണ്. പൊതുവേ മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുമുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. 2018 മെയ് മാസത്തിലാണ് കേരളത്തിൽ ആദ്യമായി നിപ സ്ഥിരീകരിച്ചത്. അന്ന് 17 പേർക്കാണ് ഒന്നിന് പുറകെ ഒന്നായി കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ജീവൻ നഷ്ടമായത്.