Kerala
17കാരി പ്രസവിച്ചു ; ഭർത്താവിനെതിരെ പോക്സോ കേസ്

17കാരി പ്രസവിച്ച സംഭവത്തിൽ ഭർത്താവ് പോക്സോ കേസിൽ അറസ്റ്റിൽ. പപ്പിനിശ്ശേരിയിലാണ് സംഭവം. തമിഴ്നാട് സേലം സ്വദേശിയായ 34കാരനെ സംഭവത്തിൽ വളപട്ടണം പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ബന്ധുക്കളുടെ സാന്നിധ്യത്തിൽ ആചാരപ്രകാരം സേലത്തു വച്ച് വിവാഹിതരായെന്നാണ് ഇവർ പറയുന്നത്. ഭാര്യയും സേലം സ്വദേശി തന്നെയാണ്. വിവാഹ ശേഷമാണ് ഇവർ പാപ്പിനിശ്ശേരിയിൽ താമസമായത്.
കണ്ണൂർ മെഡിക്കൽ കോളജിലാണ് 17കാരി പ്രസവിച്ചത്. ആശുപത്രി അധികൃതർ വയസ് ചോദിച്ചപ്പോൾ 17 എന്നാണ് പെൺകുട്ടി പറഞ്ഞത്. പിന്നാലെ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ പരാതിയലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റിലായ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.