KeralaNews

മുകേഷ് എം നായർ സ്കൂൾ പ്രവേശനോത്സവത്തിൽ; വിദ്യാഭ്യാസ വകുപ്പ് അന്വേഷണം, ഹെഡ്മാസ്റ്ററുടെ മൊഴിയെടുത്തു

 തിരുവനന്തപുരം ഫോർട്ട്‌ ഹൈസ്‌കൂളിൽ പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി മുകേഷ് എം നായർ മുഖ്യാതിഥി ആയതിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം. ഡെപ്യൂട്ടി ഡയറക്ടർ സ്കൂളിലെത്തി ഹെഡ്മാസ്റ്ററുടെ മൊഴിയെടുത്തു. എന്നാൽ കുറ്റം മുഴുവൻ സ്പോണ്‍സറുടെ ചുമലിൽ ഇടുകയാണ് സ്കൂൾ അധികൃതർ. സ്‌കൂൾ ക്ഷണിച്ചിട്ടല്ല മുകേഷ് പരിപാടിയിൽ പങ്കെടുത്തത് എന്നാണ് പ്രധാനാധ്യാപകന്റെ മൊഴി. മുകേഷ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് റീൽസ് ഷൂട്ടിന്റെ പേരിൽ അതിക്രമം നടത്തിയ കേസിലെ പ്രതിയാണ് മുകേഷ് എം നായർ.

തിരുവനന്തപുരം പടിഞ്ഞാറെക്കോട്ട ഗവൺമെന്റ് ഫോർട്ട് ഹൈസ്കൂളിലെ പ്രവേശനോത്സവ ചടങ്ങിലാണ് പോക്സോ കേസ് പ്രതിയും വ്ലോഗറുമായ മുകേഷ് എം നായർ മുഖ്യാതിഥിയായി പങ്കെടുത്തത്. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് മുകേഷ് മെമന്റോ സമ്മാനിച്ച് പ്രസംഗിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്കൊപ്പം നിന്ന് സെല്‍ഫിയുമെടുത്തായിരുന്നു മുകേഷിന്‍റെ മടക്കം. മുൻ അസിസ്റ്റന്‍റ് കമീഷണർ ഒ എ സുനിലും മുകേഷിനൊപ്പം വേദി പങ്കിട്ടിരുന്നു. സംഭവം വിവാദമായതോടെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇടപെട്ടു. അടിയന്തര റിപ്പോർട്ട് നല്‍കാന് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് മന്തി, നിർദേശം നൽകി. പിന്നാലെ ഡി ഡി ശ്രീജ ഗോപിനാഥ് സ്കൂളിലെത്തി മൊഴിയെടുത്തു. ജെസി ഐ എന്ന സന്നദ്ധ സംഘനയാണ് മുകേഷിനെ കൊണ്ടുവന്നതെന്നും ചടങ്ങിനെത്തിയ ഇയാളെ തിരിച്ചറിഞ്ഞില്ലെന്നുമാണ് ഹെഡ്മാസ്റ്ററുടെ വിശദീകരണം.

പോക്സോ കേസിൽ പ്രതികളായ അധ്യാപകര്‍ക്കെതിരെ കടുത്ത നടപടി വേണം എന്നാവശ്യപ്പെട്ട് എല്ലാ സ്കൂളുകൾക്കും സര്‍ക്കാർ ഇന്നലെ സർക്കുലർ അയച്ചിരുന്നു. അതേ ദിവസം തന്നെയാണ് പോക്സോ പ്രതി പ്രവേശനോത്സവത്തിൽ മുഖ്യാതിഥിയായി എത്തിയത്. രണ്ട് മാസം മുമ്പാണ് കോവളം പൊലീസ് മുകേഷിനെതിരെ പോക്സോ കേസ് ചുമത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർത്ഥ നഗ്നയായാക്കി അഭിനയിപ്പിച്ചു എന്നതുൾപ്പെടെയുള്ള പരാതിയിലാണ് അന്വേഷണം നടന്നുവരികയാണ്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button