’15 ലക്ഷം തിരികെ തരാം മേഡം, ടൗൺഷിപ്പിൽ ഞങ്ങൾക്കും വീട് തരാമോ’; പണം വാങ്ങിയവർ അപേക്ഷയുമായി എത്തുന്നുവെന്ന് കലക്ടർ

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ബാധിതർക്ക് സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിൽ തങ്ങൾക്കും വീട് അനുവദിക്കാമോ എന്ന് 15 ലക്ഷം വാങ്ങിയ വീട് വേണ്ടെന്ന് വെച്ച ദുരിതബാധിതർ ഇപ്പോൾ ചോദിക്കുന്നതായി വയനാട് കലക്ടർ ഡി.ആര്. മേഘശ്രീ. പണം വാങ്ങി പോയവരിൽ കുറേപ്പേർ ടൗൺഷിപ്പിൽ വീട് അനുവദിക്കാമോ എന്ന് അന്വേഷിച്ച് വരുന്നുണ്ട്. ആദ്യഘട്ടത്തിൽ കുറച്ച് പേരുടെ അപേക്ഷകൾ സ്വീകരിച്ച്, പണം അവർ തിരികെ കൊടുത്ത് വീട് അവർക്ക് നൽകാമെന്ന് സർക്കാരിൽ നിന്ന് ഉത്തരവ് നേടിയിട്ടുണ്ട്. ഇനിയും എന്റെയടുത്ത് അപേക്ഷകൾ വന്ന് കൊണ്ടേയിരിക്കുന്നു. ചിലർ ഇവിടെ വന്ന് കരയുന്നുണ്ട്. നമ്മൾ 15 ലക്ഷം വാങ്ങിപ്പോയി മേഡം, എങ്ങനെയെങ്കിലും ഒരുവീട് അനുവദിച്ച് തരാമോ എന്ന് പലരും ചോദിക്കുന്നുവെന്നും അവർ പറഞ്ഞു. സ്ഥലത്തിന്റെ കാര്യമായാലും സൗകര്യത്തിന്റെ കാര്യമായാലും വീടിന്റെ ഗുണമേന്മയുടെ കാര്യത്തിലായാലും ഗുണഭോക്താക്കൾ തൃപ്തരാണെന്നും കുറച്ച് പേർ പണം റീഫണ്ട് ചെയ്തിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു.




