Kerala

പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ കൊല്ലാൻ 10 സംഘങ്ങൾ

വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ വെടിവെച്ചു കൊല്ലാൻ കൂടുതൽ സംഘങ്ങൾ. 10 സംഘങ്ങളാണ് വയനാട്ടിലേക്ക് ഇതിനായി എത്തുക. ഓരോ സംഘത്തിലും എട്ടുപേർ വീതമായിരിക്കും ഉണ്ടായിരിക്കുക. പൊലീസിലെ ഷാർപ്പ് ഷൂട്ടേഴ്സും സംഘത്തിൽ ഉൾപ്പെടും. അടിയന്തര ആവശ്യങ്ങൾക്കായി 50 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ദുരന്ത പ്രതികരണ നിധിയിൽ നിന്നാണ് പണം കൈമാറുക. ഇന്ന് ചേർന്ന ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം.

കടുവയെ എത്രയും വേഗം വെടിവെച്ച് കൊല്ലും. പഞ്ചാരക്കൊല്ലി മേഖലയിൽ കര്‍ഫ്യൂ ശക്തമാക്കും. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നും സംസ്ഥാന ചീഫ് സെക്രട്ടറി ഡോ ശാരദ മുരളീധരൻ വ്യക്തമാക്കി. അതേസമയം, പ്രതിഷേധങ്ങള്‍ക്കിടയില്‍ നരഭോജി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടുകാരുമായി വനംമന്ത്രി എ കെ ശശീന്ദ്രന്‍ കൂടിക്കാഴ്ച്ച നടത്തി. വഴിയിലുടനീളം മന്ത്രിക്കെതിരെ ജനരോഷമിരമ്പി. വഴിയില്‍ കിടന്നും ഇരുന്നും ജനങ്ങള്‍ പ്രതിഷേധിച്ചതോടെ മന്ത്രിക്ക് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാതെയായി. മുന്‍ പ്രസ്താവനകള്‍ മന്ത്രി പിന്‍വലിക്കണം എന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

കാട്ടില്‍ നിന്ന് രാധ ആക്രമിക്കപ്പെട്ടു എന്ന പ്രസ്താവന പിന്‍വലിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. പ്രതിഷേധം രാഷ്ട്രീയ പ്രേരിതം എന്ന പ്രസ്താവനയും പിന്‍വലിക്കാന്‍ പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. മന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധവും നടന്നു. കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. നിര്‍ണായക ഉത്തരവ് പുറത്തിറങ്ങിയതോടെ കടുവയെ വെടിവെച്ച് കൊല്ലാനാകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ തന്നെയാണ് നേരത്തെ അറിയിച്ചത്. അനുയോജ്യമായ സ്ഥലത്ത് വെച്ച് വെടി വെച്ചു കൊല്ലും.കടുവയെ ഇനി മയക്കുവെടി വെക്കില്ലെന്നും പ്രദേശത്ത് ഒന്നാം തീയതിക്കകം കൂടുതല്‍ ക്യാമറ സ്ഥാപിക്കും. അടിക്കാടുകള്‍ മൂന്നു ഘട്ടമായി വെട്ടുമെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button