Kerala

കാരുണ്യ സുരക്ഷാ പദ്ധതിയ്ക്കും കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയ്ക്കുമായി 124.63 കോടി രൂപ അനുവദിച്ചു ; ആരോഗ്യ മന്ത്രി

സംസ്ഥാനത്തെ കാരുണ്യ സുരക്ഷാ പദ്ധതിയ്ക്കും കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയ്ക്കുമായി 124.63 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 75.66 കോടി രൂപ കാരുണ്യ സുരക്ഷാ പദ്ധതിയ്ക്കും 49.3 കോടി രൂപ കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയ്ക്കുമായാണ് അനുവദിച്ചത്. കാരുണ്യ സുരക്ഷാ പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയിലൂടെ ഈ തുക സൗജന്യ ചികത്സ നല്‍കിയ ആശുപത്രികള്‍ക്ക് വിതരണം ചെയ്തു.

സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയിലൂടെ നടപ്പിലാക്കി വരുന്ന കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിക്കായി ലോട്ടറി വകുപ്പ് മുഖേനയാണ് തുക അനുവദിച്ചത്. ഈ തുക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ആശുപത്രികള്‍ക്ക് നല്‍കിയതായും മന്ത്രി പറഞ്ഞു.

കഴിഞ്ഞ 3 വര്‍ഷവും രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയതിനുള്ള ആരോഗ്യ മന്ഥന്‍ പുരസ്‌കാരം കേരളത്തിനാണ് ലഭിച്ചത്. 5 വര്‍ഷം കൊണ്ട് 25.17 ലക്ഷം പേര്‍ക്ക് ആകെ 7708 കോടിയുടെ സൗജന്യ ചികിത്സയാണ് നല്‍കിയത്. കാസ്പ് വഴി 24.06 ലക്ഷം പേര്‍ക്ക് 7163 കോടിയുടെ സൗജന്യ ചികിത്സയും കാരുണ്യ ബനവലന്റ് ഫണ്ട് വഴി 64075 പേര്‍ക്ക് 544 കോടിയുടെ സൗജന്യ ചികിത്സയും നല്‍കി.

ആരോഗ്യ വകുപ്പിന് കീഴില്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി വഴിയാണ് കാസ്പ് പദ്ധതി നടപ്പിലാക്കി വരുന്നത്. നിലവില്‍ 43.07 ലക്ഷം കുടുംബങ്ങള്‍ കാസ്പില്‍ ഉള്‍പ്പെടുന്നു. നിലവില്‍ ഉണ്ടായിരുന്ന ആര്‍എസ്ബിവൈ, ചിസ്, ചിസ് പ്ലസ് എന്നീ പദ്ധതികള്‍ സംയോജിപ്പിച്ചാണ് കാസ്പ് അഥവാ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി രൂപീകരിച്ചത്.

ഒരു കുടുംബത്തിന് ഒരു വര്‍ഷം പരമാവധി 5 ലക്ഷം രൂപയുടെ ചികില്‍സാ ആനുകൂല്യമാണ് കാസ്പ് പദ്ധതി വഴി ലഭ്യമാകുന്നത്. പൊതു സ്വകാര്യ മേഖലകളില്‍ നിന്നും എംപാനല്‍ ചെയ്യപ്പെട്ടിട്ടുള്ള 591 ആശുപത്രികള്‍ വഴി സംസ്ഥാനത്ത് പദ്ധതി സേവനങ്ങള്‍ ലഭ്യമാക്കി വരുന്നു. പദ്ധതിയുടെ ആരോഗ്യ ആനുകൂല്യ പാക്കേജ് പ്രകാരം ഗുണഭോക്താക്കള്‍ക്ക് ചികിത്സാ സേവനങ്ങളാണ് ലഭ്യമാക്കുന്നതെന്നും മന്ത്രി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button